കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാന ദിവസങ്ങളിലേക്ക് കടന്നപ്പോള്‍ മുതല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ദിവസവും ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യമുണ്ട്. ഇത്തവണ യുഡിഎഫ് നൂറ് സീറ്റുകള്‍ക്ക് മുകളില്‍ നേടുമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും. ഇത് സ്വന്തം പ്രവര്‍ത്തകരും അണികളും എതിരാളികളും ഒരുപോലെ ഏറ്റെടുത്ത് ആഘോഷിക്കുകയും ചെയ്യുകയാണ്. അപ്പോഴും ഇത്തരത്തിലൊരു അവകാശവാദം തുടര്‍ച്ചയായി ഉന്നയിക്കുന്നതിന് പിന്നില്‍ പ്രതിപക്ഷ നേതാവിന്റെ ആത്മവിശ്വാസമാണോ അതോ സ്വന്തം മനസിനേയും അണികളേയും കുറച്ച് ദിവസങ്ങളെങ്കിലും ആവേശത്തോടെ നിലനിര്‍ത്താനുള്ള നാടകമാണോ എന്നെല്ലാമാണ് ഉയരുന്ന ചോദ്യങ്ങള്‍.
നൂറ് സീറ്റെന്ന സതീശന്റെ പ്രഖ്യാപനങ്ങള്‍ പ്രവര്‍ത്തകരിലും സ്ഥാനാര്‍ത്ഥികളിലും പ്രതിഫലിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അങ്ങനെ തന്നെയാണോ നീങ്ങുന്നതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. പരസ്യ പ്രചാരണങ്ങള്‍ അവസാന ലാപ്പിലേക്ക് കടന്നതോടെ ഉയര്‍ന്നുവന്ന പല ആരോപണങ്ങളും വിവാദങ്ങളും കോണ്‍ഗ്രസിനെ ചെറുതായിട്ടൊന്നുമല്ല പ്രതിരോധത്തിലാക്കിയിരിക്കുന്നത്. വയനാട് പുരനധിവാസ വിഷയമാണ് അക്കൂട്ടത്തില്‍ പ്രധാനം. വീട് നിര്‍മ്മാണത്തിനായി കോണ്‍ഗ്രസ് പിരിച്ച തുക എവിടെ പോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സതീശനടക്കം നേതാക്കന്മാര്‍ക്ക് ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. പിരിച്ച പണമെല്ലാം പലവഴിക്ക് പോയെന്നും ഇനി വീട് പണിയാന്‍ വേറെ പിരിവ് വേണമെന്നും കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറയാതെ പറയുകയും ചെയ്തു.
സ്വന്തം പാര്‍ട്ടിക്കുള്ളിലെ തൊഴുത്തില്‍ കുത്തുകളാണ് മറ്റൊരു വെല്ലുവിളി. യുഡിഎഫ് നൂറ് സീറ്റ് നേടിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വനവാസത്തിന് പോകണമോ എന്ന ചോദ്യത്തിന് പോകണമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികരിച്ചത്. പൊതുപ്രവര്‍ത്തകരായാല്‍ വാക്ക് പാലിക്കണം. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കാമെന്നും സുധാകരന്‍ മുഖത്തൊരു പുഞ്ചിരി ഒളിപ്പിച്ച് പറയുമ്പോള്‍ വ്യക്തമാകുന്നത് കോണ്‍ഗ്രസിനുള്ളിലെ കസേരക്കളി എത്രത്തോളം രൂക്ഷമാണ് എന്നതാണ്.
രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് സുധാകരന്റെ മറ്റൊരു പരാമര്‍ശം. കോണ്‍ഗ്രസിന് 130 സീറ്റുകള്‍ വരെ കിട്ടും. രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. വനിതാ മുഖ്യമന്ത്രി എന്നത് രാഹുല്‍ ഗാന്ധിയുടെ മാത്രം അഭിപ്രായമെന്നും സുധാകരന്‍ പറഞ്ഞു. ഇതിലെവിടേയും വിഡി സതീശന്റെ ഭാവിയെ കുറിച്ച് കാര്യമായ പരാമര്‍ശങ്ങളൊന്നുമില്ല എന്നത് ശ്രദ്ധേയം.
നിലവില്‍ ഇതൊന്നും തന്നെ ഏശില്ല എന്ന മട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്. വിഡി സതീശന് വനവാസത്തിനുള്ള ഒരുക്കങ്ങള്‍ വരെ നിര്‍ദേശിക്കുകയാണ് മറ്റ് സിപിഎം നേതാക്കളും. യുഡിഎഫിന് നൂറ് സീറ്റുകള്‍ കിട്ടിയാല്‍ ലോകാവസാനമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. സതീശന്‍ വെറും ബഫൂണാണ്. കേരള രാഷ്ട്രീയത്തിലെ ഒരു ജോക്കര്‍. പ്രതിപക്ഷ നേതാവായാല്‍ ആരോടും എന്തും പറയാനുള്ള ലൈസന്‍സ് ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ വിചാരം. വെറുമൊരു പ്രസംഗ തൊഴിലാളി എന്നിങ്ങനെയൊക്കെയാണ് വെള്ളാപ്പള്ളി സതീശന്റെ നൂറ് സീറ്റ് വാദത്തോട് പ്രതികരിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ സതീശന്‍ നടത്തുന്ന ഈ പ്രഖ്യാപനം വെറുമൊരു വാക്കല്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാനും മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദം ഉന്നയിക്കാനുമുള്ള ഒരു മാസ്റ്റര്‍ പ്ലാനായി ഇതിനെ കാണുന്നവരുണ്ട്. 100 സീറ്റെന്ന മാന്ത്രിക സംഖ്യ ആവര്‍ത്തിക്കുന്നതിലൂടെ മന്ദഗതിയിലായ കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളെ മറികടന്ന് സ്വന്തം നേതൃത്വം ഉറപ്പിക്കാനാണ് സതീശന്‍ ശ്രമിക്കുന്നത്.
വിജയമോ വനവാസമോ?
വിഡി സതീശനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് വെറുമൊരു അധികാര മാറ്റമല്ല, മറിച്ച് തന്റെ രാഷ്ട്രീയ നിലനില്‍പ്പിന്റെ കൂടി പോരാട്ടമാണ്. 100 സീറ്റുകള്‍ എന്ന കടമ്പ കടന്നാല്‍ സതീശന്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായി മാറും. എന്നാല്‍ കണക്കുകള്‍ പിഴച്ചാല്‍, എതിരാളികള്‍ ഒരുക്കി വെച്ചിരിക്കുന്ന ‘വനവാസ’ത്തിലേക്ക് അദ്ദേഹത്തിന് ഇറങ്ങിക്കൊടുക്കേണ്ടി വരുമോ? വേണ്ടി വരും എന്നും സ്വന്തം ആളുകള്‍ തന്നെ പിന്നില്‍ നിന്നും കുത്തും എന്നും സുധാകരന്റെ പ്രതികരണത്തിലൂടെ വിഡി സതീശന് ഏറെക്കുറെ ധാരണയായിക്കാണും എന്നും വിശ്വസിക്കാം.
പ്രവചനാതീതമായ കേരള രാഷ്ട്രീയത്തില്‍ സതീശന്റെ ഈ പ്രഖ്യാപനം ഒരു ധീരമായ രാഷ്ട്രീയ നീക്കമാണോ അതോ സ്വയം കുഴിച്ച കുഴിയാണോ എന്ന് അറിയാന്‍ വോട്ടെണ്ണല്‍ ദിനം വരെ കാത്തിരുന്നാല്‍ മതി.




