ആലപ്പുഴ : ആലപ്പുഴ നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട. നഗരത്തിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകൾക്കടക്കം കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെയാണ്
ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ പ്രധാന വിനോദസഞ്ചാര മേഖലകളായ ആലപ്പുഴ ബീച്ച്, പുന്നമട ഫിനിഷിംഗ് പോയിൻ്റ് എന്നീ ഭാഗങ്ങളിൽ കഞ്ചാവ് ചെറിയ പാക്കറ്റുകൾ ആക്കി വിൽപ്പന നടത്തി വരികയായിരുന്ന കാദർ പറമ്പിൽ ഫിറോസ് (38), പുതുവൽ പുരയിടം സിദ്ദിഖ് (32), പന്ത്രണ്ടാം വാർഡിൽ ആലുംമൂട് അനീഷ്, അഷ്കർ കോട്ടേജിൽ മുഹമ്മദ് അഷ്കർ (38), പുത്തൻപുരയിൽ സനീഷ് ബഷീർ റാവുത്തർ(45) എന്നിവരെയാണ് രണ്ടര കിലോഗ്രാമോളം കഞ്ചാവുമായി ആലപ്പുഴ ഇരുമ്പു പാലത്തിന് സമീപത്തു നിന്നും സൗത്ത് പോലീസ് പിടികൂടിയത് .
ആലപ്പുഴ നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പങ്കജാക്ഷന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്ന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഐ .എസ് .എച്ച് .ഒ വി .ഡി റെജിരാജിന്റെ നിർദ്ദേശാനുസരണം പ്രിൻസിപ്പൽ എസ് ഐ രാജീവും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളുടെ പക്കൽ നിന്ന് കഞ്ചാവിനോടൊപ്പം, കഞ്ചാവ് പായ്ക്ക് ചെയ്യുന്നതിനുള്ള ചെറിയ പ്ലാസ്റ്റിക്ക് കവറുകൾ, കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക്ക് വെയിംഗ് മെഷീനും എന്നിവയും പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ ഐ എസ് എച്ച് ഒ റജിരാജ്, പ്രിൻസിപ്പൾ എസ് ഐ രാജീവ് PR, എസ് ഐ മാരായ രാജേഷ്, ജയേന്ദ്രമേനോൻ, എ എസ് ഐ രതീഷ് ബാബു, വിനു P, സജു സത്യൻ, സജീഷ് ഫിറോസ് ,ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിലെ സേനാംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു..










