കണ്ണൂർ: ചാലാടിനടുത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഫിഷ് ഫാമിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വളർത്തുമത്സ്യങ്ങളെയും ഉപകരണങ്ങളെയും മോഷ്ടിച്ചു. പഞ്ഞിക്കയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം പി.വി. മുഹമ്മദ് നിഹാലിന്റെ ഉടമസ്ഥതയിലുള്ള റോയൽ ഫിഷ് ഫാമിലാണ് വെള്ളിയാഴ്ച രാത്രിയോടെ കവർച്ച നടന്നത് ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
വെള്ളിയാഴ്ച രാത്രി 11 മണിക്കും ശനിയാഴ്ച പുലർച്ചെ 5 മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. ഉടമയുടെ പരാതിയെത്തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നഷ്ടപ്പെട്ടത് അപൂർവ്വ മത്സ്യങ്ങൾഫാമിലെ സിമന്റ്, ഫൈബർ ടാങ്കുകളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള മത്സ്യങ്ങളെ പാക്കറ്റിലാക്കിയാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്.
മോഷണത്തിനിടെ സംഘം ഫാമിൽ ഉപേക്ഷിച്ചുപോയ ഒരു പാക്കറ്റിലെ കളർ വിഡോ മത്സ്യക്കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തോളം രൂപയുടെ മത്സ്യശേഖരമുള്ള ഫാമിലേക്ക് മതിലിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ പ്രവേശിച്ചതെന്ന് സംശയിക്കുന്നു. വാർഡ് കൗൺസിലർ ഉമേഷ് കണിയാങ്കണ്ടി, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ജയമോഹൻ എന്നിവർ മോഷണം നടന്ന സ്ഥലം സന്ദർശിച്ചു.










