മലപ്പുറം: മലപ്പുറം വണ്ടൂർ നഗരത്തിലെ പാണ്ടിക്കാട് റോഡിലുള്ള വെള്ളി ആഭരണശാലയിൽ വൻ മോഷണം. കടയുടെ പിൻഭാഗത്തെ ചുമർ തുരന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളി ആഭരണങ്ങളാണ് കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
തിരക്കേറിയ പാണ്ടിക്കാട് റോഡിൽ പ്രവർത്തിക്കുന്ന തരംഗിണി സിൽവർ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രി എട്ട് മണിവരെ കട പ്രവർത്തിച്ചിരുന്നു. ബുധനാഴ്ച രാവിലെ ജീവനക്കാരി കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ഡിസ്പ്ലേ ബോർഡുകൾ കാലിയായ നിലയിലായിരുന്നു. കടയ്ക്കുള്ളിൽ നിലത്താകെ മുളകുപൊടി വിതറിയതും കണ്ടെത്തി.
ജ്വല്ലറിയുടെ പിൻവശത്തെ ചുമർ ആയുധങ്ങൾ ഉപയോഗിച്ച് കുത്തിത്തുരന്ന് കല്ലുകൾ നീക്കിയാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചതെന്ന് പൊലീസ് കണ്ടെത്തി. റാക്കുകളിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങൾ പൂർണമായും കവർന്നിട്ടുണ്ട്. എന്നാൽ ലോക്കർ തുറക്കാൻ മോഷ്ടാക്കൾക്ക് കഴിഞ്ഞിട്ടില്ല.
വണ്ടൂർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ജ്വല്ലറിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ്, മോഷ്ടാവിന്റെ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയൽ ഒഴിവാക്കാൻ ഗ്ലൗസും പ്രത്യേക വസ്ത്രവും ധരിച്ച നിലയിലായിരുന്നു ഇയാൾ. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൃത്യമായ നഷ്ടം എത്രയെന്നത് കടയുടമകൾ പരിശോധിച്ചുവരികയാണ്.






