തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതിന് പിന്നാലെ തുടർനടപടികൾ വേഗത്തിലാക്കി സർക്കാർ. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ സമയബന്ധിതമായി നീക്കം ചെയ്യുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.
വിജ്ഞാപനം റദ്ദാക്കിയ വിവരം ഭൂഉടമകളെ ഔദ്യോഗികമായി അറിയിക്കുമെന്നും എല്ലാവർക്കും പട്ടയം ഉറപ്പാക്കുന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. പദ്ധതി റദ്ദാക്കിയ കാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെയാണ് പ്രഖ്യാപിച്ചത്.
സിൽവർ ലൈൻ പൂർണമായി ഉപേക്ഷിച്ച യുഡിഎഫ് സർക്കാർ, സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കുമെന്ന് അറിയിച്ചു. പദ്ധതി ഒഴിവാക്കി ബദൽ മാർഗങ്ങൾ തേടിയിട്ടും വിജ്ഞാപനം പിൻവലിക്കാൻ മുൻ എൽഡിഎഫ് സർക്കാർ തയ്യാറായിരുന്നില്ല.
മഞ്ഞക്കുറ്റികൾ സ്ഥാപിച്ചതിനെ തുടർന്ന് ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ പ്രതിസന്ധിയിലായിരുന്ന നിരവധി കുടുംബങ്ങൾക്ക് പുതിയ തീരുമാനം ആശ്വാസമായി.
പരിസ്ഥിതി പ്രശ്നങ്ങളും പദ്ധതിയുടെ പ്രായോഗികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പ്രദേശവാസികളും ശക്തമായ പ്രതിഷേധം നടത്തിയിരുന്നുവെങ്കിലും മുൻ സർക്കാർ നിലപാട് മാറ്റിയിരുന്നില്ല. സമരങ്ങൾക്ക് പിന്നാലെ പൊലീസ് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. അവയെല്ലാം പിൻവലിക്കാനാണ് പുതിയ സർക്കാരിന്റെ തീരുമാനം.
കാസർകോട് മുതൽ തിരുവനന്തപുരം വരെ നാല് മണിക്കൂറിൽ യാത്ര സാധ്യമാക്കുന്ന 11 സ്റ്റോപ്പുകളുള്ള അതിവേഗ റെയിൽപാത പദ്ധതിയായിരുന്നു സിൽവർ ലൈൻ. അതിവേഗ ഗതാഗത പദ്ധതികൾക്ക് എതിരല്ലെങ്കിലും ബദൽ മാർഗങ്ങൾ ആലോചിച്ച ശേഷമേ മുന്നോട്ട് പോകൂവെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം.






