പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറം ശ്രീരാംനഗറിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ മോഷണം. ശ്രീരാംനഗർ ശ്രീനന്ദനത്തിൽ നന്ദകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന ഡയമണ്ട് പതിപ്പിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഡയമണ്ട് കല്ല് പതിപ്പിച്ച സ്വർണമോതിരം, ഡയമണ്ട് പതിപ്പിച്ച സ്വർണമാല എന്നിവയാണ് നഷ്ടപ്പെട്ടത്.
നന്ദകുമാറും കുടുംബവും വിദേശത്തായതിനാൽ ജനുവരി ഒന്നുമുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളാണ് ഇടയ്ക്കിടെ വന്ന് വീട് നോക്കാറുള്ളത്. ശനിയാഴ്ച ഇലക്ട്രിസിറ്റി ബിൽ വന്നിട്ടുണ്ടോ എന്ന് നോക്കാൻ ഭാര്യപിതാവ് എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. അകത്തെ മുറിയിലെ അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങൾ കവർന്നത്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.




