ന്യൂഡൽഹി: ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയുടെ സൂത്രധാരൻ പവൻ താക്കൂറിനെ അധികൃതർ കസ്റ്റഡിയിൽ എടുത്തു. ഇയാളെ ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അറിയിച്ചു.
2024-ൽ ഡൽഹിയിൽ നടത്തിയ പരിശോധനയിൽ 82 കിലോ കൊക്കെയ്ൻ പിടിച്ചെടുത്ത കേസിലെ പ്രധാന പ്രതിയാണ് താക്കൂർ. ഏകദേശം 2,500 കോടി രൂപ വിലമതിക്കുന്ന ഈ മയക്കുമരുന്ന് കപ്പൽ വഴി രാജ്യത്ത് കടത്തിയ ശേഷം ട്രക്കിൽ തലസ്ഥാനത്തേക്ക് എത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിതരണം നടത്തുന്നതിനായി ഒരു ഗോഡൗണിൽ സൂക്ഷിച്ചിരിക്കുമ്പോഴാണ് ശേഖരം പിടികൂടിയത്.
ഇതോടൊപ്പം, ഈ ആഴ്ച ഡൽഹിയിൽ പിടിച്ചെടുത്ത 282 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശൃംഖലയ്ക്കും താക്കൂറിനോടൊപ്പം ബന്ധമുണ്ടെന്നാണ് സൂചന. ദീർഘകാലമായി ഹവാല ഇടപാടുകളിലും കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലയിലും ഇയാൾ സജീവമായി പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ദില്ലിയിലെ കൂചാ മഹാജനി മാർക്കറ്റിൽ ഹവാല ഏജന്റായി പ്രവർത്തനം ആരംഭിച്ച താക്കൂർ പിന്നീട് രാജ്യാന്തര തലത്തിലേക്ക് വ്യാപിച്ചു.
മയക്കുമരുന്ന് വ്യാപാരത്തിൽ നിന്നുള്ള കള്ളപ്പണം ഇന്ത്യ, ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ക്രിപ്‌റ്റോകറൻസി ഇടപാടുകളിലൂടെയും അതിർത്തി കടക്കുന്ന ഷെൽ കമ്പനികളിലൂടെയും മറിച്ചുവെച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.




