കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ കാണികളുടെ മനം കവർന്ന് ഡൗൺ സിൻഡ്രോം ബാധിതനായ വിദ്യാർത്ഥി സാരംഗ് പി വി. ഹയർ സെക്കണ്ടറി വിഭാഗം നാടോടിനൃത്തത്തിലാണ് എൻജിഒ ക്വാർട്ടേഴ്സ് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ +2 ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ സാരംഗ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
സ്പെഷ്യൽ സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാതെ ജനറൽ വിഭാഗത്തിൽ സാധാരണ കുട്ടികൾക്കൊപ്പമാണ് സാരംഗ് മത്സരിച്ചത്. ചുവടുകൾ ഇടറാതെ കാണികളെ പിടിച്ചിരുത്തിയ പ്രകടനം ഏറെ ശ്രദ്ധ നേടി.കലാ കായിക രംഗങ്ങളിൽ എപ്പോഴും സജീവമാണ് സാരംഗ്. കരാട്ടെയിൽ ഗ്രീൻ ബെൽറ്റ് നേടിയിട്ടുള്ള സാരംഗ്, ജിമ്മിലും പോകുന്നുണ്ട്. നൃത്തത്തോടുള്ള സാരംഗിന്റെ അതിയായ താല്പര്യം കോവിഡ് കാലഘട്ടത്തിലാണ് കുടുംബം തിരിച്ചറിഞ്ഞതെന്ന് ഗണിത അധ്യാപികയായ അമ്മ ഉഷ പറഞ്ഞു.
മൊബൈൽ ഫോണിൽ ഡാൻസ് വീഡിയോകൾ കണ്ട് അതേപോലെ അവതരിപ്പിക്കാൻ സാരംഗ് ശ്രമിക്കാറുണ്ടായിരുന്നു.സാരംഗിന്റെ താല്പര്യങ്ങൾക്ക് കുടുംബം, അധ്യാപകർ, സുഹൃത്തുക്കൾ എന്നിവർ എപ്പോഴും ഒപ്പമുണ്ട്. കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിത അധ്യാപകനാണ് അച്ഛൻ ബൈജു. സഹോദരി ചന്ദന സെൻട്രൽ ഗവ. ആർക്കിയോളജി വിഭാഗം ഉദ്യോഗസ്ഥയാണ്. വെല്ലുവിളികളെ അതിജീവിച്ച് സാരംഗ് കാഴ്ചവെച്ച ഈ പ്രകടനം കലോത്സവ വേദിയ്ക്ക് ഒരു പുതിയ ആവേശമായി മാറി.




