മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിലെ (MRPL) ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റായ സിഎച്ച്ടി യൂണിറ്റിൽ വൻ സ്ഫോടനവും തീപിടിത്തവും. അപകടത്തിൽ ഒരാൾക്ക് 35 ശതമാനത്തോളം പൊള്ളലേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
അപകടസമയത്ത് സമീപത്തെ ഓഫീസിലുണ്ടായിരുന്ന ആറ് പേർക്കും നിസാര പരിക്കേറ്റു. തീ പൂർണമായി നിയന്ത്രണവിധേയമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു.
സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ വരെ കേട്ടതായി നാട്ടുകാർ പറഞ്ഞു. വലിയ തോതിൽ കറുത്ത പുകയും ഉയർന്നു. സമീപ പ്രദേശങ്ങളിലെ ചില വീടുകൾ കുലുങ്ങുകയും വാതിലുകളിലും ജനലുകളിലും പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. മംഗളൂരു വിമാനത്താവളത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ ജനലുകളും സ്ഫോടന ശബ്ദത്തിൽ കുലുങ്ങിയതായി റിപ്പോർട്ടുണ്ട്.
അപകടത്തിന് പിന്നാലെ നിരവധി ഫയർ എൻജിനുകളും ആംബുലൻസുകളും അടിയന്തര രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. സിറ്റി പൊലീസ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, ജില്ലാ പഞ്ചായത്ത് സി.ഇ.ഒ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്ന് എം.ആർ.പി.എൽ അധികൃതരും വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അഭ്യർഥിച്ചു.



