കൊല്ലം: കൊല്ലത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാലാവധി അവസാനിക്കുന്ന മരുന്ന് വിതരണം ചെയ്തതായി പരാതി. തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി ഉയർന്നത്. ഇന്ന് കാലാവധി അവസാനിക്കുന്ന സിറപ്പാണ് രണ്ടര മാസം പ്രായമായ കുഞ്ഞിന് വാക്സിൻ നൽകിയതിന് പിന്നാലെ നൽകിയത്.
കുഞ്ഞിന്റെ പിതാവ് മരുന്നിന്റെ കാലാവധി ശ്രദ്ധയിൽപ്പെടുത്തിയതോടെ സിറപ്പ് മാറ്റി നൽകി. കാലാവധി ഇന്ന് അവസാനിക്കുന്ന മരുന്ന് കുഞ്ഞിന് നൽകിയതിൽ വീഴ്ചയുണ്ടായതായി സാമൂഹികാരോഗ്യ കേന്ദ്രം അധികൃതരും സമ്മതിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ മരുന്ന് മാറ്റി നൽകിയെന്നും മറ്റാർക്കും ഈ മരുന്ന് നൽകിയിട്ടില്ലെന്നും ഹെൽത്ത് സൂപ്പർവൈസർ സുരേഷ് ബാബു അറിയിച്ചു.




