സിഎംആര്എൽ കേസിൽ കോൺഗ്രസിൽ ഒറ്റപ്പെട്ട് മാത്യു കുഴൽനാടൻ. പിണറായി വിജയനെതിരെ എഫ്ഐആര് ഇട്ട് അന്വേഷണം തുടങ്ങാത്തതിനെ ചൊല്ലി കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗത്തിൽ പ്രതിഷേധിച്ച കുഴൽനാടന്റെ നിലപാടിനെ മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കമുള്ളവർ എതിർത്തതോടെയാണ് പിണറായിയുടെ പേരിൽ കോൺഗ്രസിനുള്ളിൽ തന്നെയുള്ളവർ രണ്ട് ടീമായി മാറുന്നത്. സർക്കാർ നിലപാടിന് ഒപ്പം നിൽക്കണമെന്ന് kpcc പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പിന്നാലെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് കുഴൽനാടൻ ഇറങ്ങിപ്പോവുകയായിരുന്നു.
കേസില് പിണറായി വിജയനെതിരെയുള്ള കോണ്ഗ്രസ് നിലപാടുകളില് വന് മാറ്റം സംഭവിക്കുന്നതായുള്ള സൂചനകളാണ് ഈ സംഭവങ്ങളും നേതാക്കളുടെ വ്യത്യസ്തമായ പ്രതികരണങ്ങളും നൽകുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി കെ. മുരളീധരന്, വൈദ്യുത മന്ത്രി സണ്ണി ജോസഫ് എന്നിവര് ഒരുമിച്ച് പിണറായി വിജയന് അനുകൂലമായ നിലപാടിലേക്ക് എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില് വന് ചര്ച്ചയായിരിക്കുകയാണ്. മുന്പ് സര്ക്കാരിനെതിരേ പ്രധാന ആയുധമാക്കിയ കേസില് ഇപ്പോള് നേതാക്കള് തിരിഞ്ഞുനില്ക്കുന്നത് അണികള്ക്കിടയില് കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അന്ന് ഉമ്മൻ ചാണ്ടിക്ക് കിട്ടാത്ത നീതി ഇന്ന് udfൽ നിന്ന് പിണറായിക്ക് കിട്ടരുതെന്നാണ് കുഴൽനാടൻ പറയുന്നത്.
എക്സാലോജിക് കേസില് കോണ്ഗ്രസും സി.പി.എമ്മും തമ്മില് പരസ്പര സഹകരണത്തിലാണെന്ന സംശയം ബലപ്പെടാനേ ഈ സംഭവങ്ങൾ ഉപകരിക്കൂ. പ്രതിപക്ഷവും ഭരണപക്ഷവും ഒത്തുതീര്പ്പ് രാഷ്ട്രീയത്തിലാണ് മുന്നോട്ടുപോകുന്നതെന്ന വികാരം ജനങ്ങളില് ശക്തമാകുന്നത് വരും ദിവസങ്ങളില് ബി.ജെ.പിക്ക് സംസ്ഥാനത്ത് രാഷ്ട്രീയമായി വലിയ അടിത്തറയുണ്ടാക്കാനും മുന്നേറാനും മറ്റൊരു സുവര്ണ്ണാവസരമായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര് വിലയിരുത്തുന്നത്.
സിഎംആര്എല്-എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് എഫ്ഐആര് രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യാന് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. പ്രത്യേക അനുമതിക്ക് ശേഷം മാത്രമേ സ്റ്റേ ആവശ്യം പരിഗണിക്കാനാവൂ എന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അപ്പീല് സ്വീകരിക്കുന്നതില് തീരുമാനം പിന്നീട് അറിയിക്കാമെന്നും കോടതി അറിയിച്ചു.
സ്പെഷ്യല് ലിവ് പെറ്റീഷന് പരിഗണിക്കുന്നത് വരെ എഫ്ഐആര് സ്റ്റേ ചെയ്യണമെന്നാണ് ഹരജിയില് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആവശ്യപ്പെട്ടിരുന്നത്. എന്നാല് റിട്ട് പെറ്റീഷന് പരിഗണിക്കുമ്പോള് സ്റ്റേ സംബന്ധിച്ച ഹരജി കേള്ക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ഹരജിയില് പിണറായി വിജയനെ സര്ക്കാര് വീണ്ടും പിന്തുണച്ചതാണ് കുഴൽനാടനെ അടക്കം ചൊടിപ്പിച്ചത്. പൊലീസിന് പ്രാഥമികാന്വേഷണം നടത്താമെന്നും വിജിലന്സിന് മാത്രമേ അന്വേഷിക്കാന് പറ്റു എന്ന് പറയുന്നത് തെറ്റാണെന്നുമാണ് സർക്കാരിന്റെ നിലപാട്. നിയമോപദേശത്തെ മുഖവിലയ്ക്കെടുക്കാതിരിക്കാൻ സർക്കാരിന് കഴിയില്ലെന്നും കേവലം രാഷ്ട്രീയ പകപോക്കലായി ഇത്രയും വലിയൊരു കേസിനെ കാണാനാകില്ലെന്നും ഇപ്പോൾ എടുത്തിരിക്കുന്നതാണ് ഏറ്റവും പക്വമായ നിലപാടെന്നുമാണ് രമേശ് ചെന്നിത്തലയുടേയും വിഡി സതീശന്റേയും നിലപാട്.
നേരത്തെ, കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലെന്നും സര്ക്കാര് കോടതിയെ അറിയിച്ചിരുന്നു. ചില ഡയറി രേഖകള് മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താന് ഉത്തരവ് ഇട്ടതെന്നും സര്ക്കാര് വ്യക്തമാക്കിയിരുന്നു.
കേസില് സര്ക്കാര് നിലപാടിനെ വിമർശിക്കുന്നത് കുഴൽനാടൻ മാത്രമല്ല, ജിന്റോ ജോണും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പാവപ്പെട്ട മറ്റ് മനുഷ്യര്ക്കില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്. സാധാരണ സിപിഎമ്മുകാര് പോലും ആഗ്രഹിക്കാത്തത് നമ്മളെന്തിന് മാസപ്പടിക്കാര്ക്ക് ദാനം നല്കണം. കടത്ത് കടന്ന് കര പറ്റിയാല് തോണി പുഴയില് മുക്കുന്ന പോലുള്ള നിലപാട് ഒരല്പം വാര്ദ്ധക്യസഹജമാണ്. ജിന്റോ ജോണ് ഫെയ്സ്ബുക്ക് കുറിപ്പില് അഭിപ്രായപ്പെട്ടു.
പിണറായി വിജയന് സര്ക്കാരിന്റെ കാലത്ത് കോണ്ഗ്രസ് പ്രവര്ത്തകരും നേതാക്കളും നേരിട്ട കേസുകളും പീഡനങ്ങളും ഫെയ്സ്ബുക്ക് കുറിപ്പില് ജിന്റോ ജോണ് എണ്ണിയെണ്ണി ചൂണ്ടിക്കാട്ടുന്നു. ഉമ്മന്ചാണ്ടി നീതിമാനായിരുന്നു എന്ന് ഒരായിരം വട്ടം പ്രസംഗിച്ചവര് അതെല്ലാം മറന്നു പോയി. ആ മനുഷ്യന്റെ പേരില് കൂടിയായിരുന്നു ഈ വിജയമെന്നും മറന്നു. നൂറുശതമാനം നീതി നിഷേധിക്കപ്പെട്ടാണ് ഉമ്മന്ചാണ്ടി യാത്രയായതെന്നും മറന്നു. പിണറായിയുടെ പകയില് പടച്ചെടുത്ത കള്ളക്കേസില് ആക്ഷേപിക്കപ്പെട്ട, വേട്ടയാടപ്പെട്ട മനുഷ്യരുടെ ഓര്മ്മകള് പോലും പക്വതക്കുറവായി തോന്നുന്ന വളര്ച്ചയെത്തിയോ പ്രധാന നേതാക്കൾക്കെന്ന് അദ്ദേഹം ചോദിക്കുന്നു.
പഴയ പല കേസുകളും ഇവിടെ ഓർമിപ്പിക്കാനും ജിന്റോ ജോൺ മറക്കുന്നില്ല. പിണറായിയുടെ ധാര്ഷ്ട്യത്തില് കുന്നംകുളത്തെ സുജിത്തിനും രക്ഷാപ്രവര്ത്തനം നേരിട്ട യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കും കെഎസ്ക്കാര്ക്കുമെല്ലാം കേസും ജയില്വാസവും ക്രൂരമര്ദ്ദനങ്ങളും കിട്ടിയപ്പോള് മറവിയിലേക്ക് വേഗത കൂട്ടിയ അധികാരം കിട്ടിയത് നിങ്ങള്ക്കാണ്. അവിടെ പിന്നെ സാധാരണ പ്രവര്ത്തകരുടെ വികാരം പോലും പക്വതക്കുറവാണല്ലോ അല്ലേ?. മടിയില് അധാര്മികകതയുടെ കനമുള്ള, കൈകള് ശുദ്ധമല്ലാത്ത, നിയമപരമായി കേസിനെ നേരിടാന് കരുത്തില്ലാത്ത മാസപ്പടിയുടെ കാരണഭൂതന്റെ കൈപിടിച്ച് കര പറ്റിക്കുന്നതെന്ന് തോന്നുന്ന ഒന്നുപോലും ഉണ്ടായിക്കൂടാ എന്നും മറ്റനേകം കോൺഗ്രസുകാരുടെ ശബ്ദമായി ജിന്റോ ജോൺ ചോദിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് സി.എം.ആര്.എല്.- എക്സാലോജിക് വിഷയം പ്രധാന പ്രചരണ വിഷയമാക്കിയാണ് യു.ഡി.എഫ്. നേതാക്കള് വോട്ട് തേടിയതും വിജയിച്ച് അധികാരത്തിലെത്തിയതും. എന്നാല് ഇപ്പോള് കേസില് ഒന്നുമില്ലെന്ന് കോണ്ഗ്രസ് നേതാക്കള് തന്നെ പരോക്ഷമായി സമ്മതിക്കുന്ന സ്ഥിതിയാണുള്ളത്. ഇതോടെ മുന്പ് ഉന്നയിച്ച കുറ്റാരോപണങ്ങളെല്ലാം വോട്ടര്മാരെ പറ്റിക്കാനുള്ള പ്രചരണം മാത്രമായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.




