കോട്ടയം: സിവിൽ സർവീസ് മോഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രചോദനവും വ്യക്തമായ ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി സംഘടിപ്പിച്ചു. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. അൽഫോൻസാ കോളജ് വുമൺസ് സെല്ലും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും സംയുക്തമായാണ് ഈ സംവാദ പരിപാടി ഒരുക്കിയത്.
അന്താരാഷ്ട്ര വേദികളിൽ ‘ഇന്ത്യ’ എന്ന ബോർഡിന് പിന്നിലിരുന്ന് രാജ്യത്തിന്റെ ശബ്ദമാകാൻ കഴിയുന്നത് വലിയ ആത്മാഭിമാനമുള്ള കാര്യമാണെന്ന് റോഷ്ണി തോംസൺ പറഞ്ഞു. ഓരോ മൂന്ന് വർഷം കൂടുമ്പോഴുമുള്ള വിദേശ സ്ഥലംമാറ്റങ്ങൾ ആഗോളതലത്തിലുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ഭരണരീതികളെയും അടുത്തറിയാൻ സഹായിക്കും.
നമ്മുടെ വിദേശനയങ്ങളും നിലപാടുകളും ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ കൃത്യമായി അവതരിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ഒരു ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥൻ നിർവഹിക്കുന്നത്. കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കിൽ സിവിൽ സർവീസ് എന്ന കടമ്പ ആർക്കും മറികടക്കാവുന്നതേയുള്ളൂവെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ ഓർമ്മിപ്പിച്ചു.
2015 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ റോഷ്ണി തോംസൺ സ്വിറ്റ്സർലാൻഡ്, ഫ്രാൻസ്, വത്തിക്കാൻ തുടങ്ങിയ രാജ്യങ്ങളിലെ സേവനാനുഭവങ്ങളും വിദ്യാർത്ഥികളുമായി പങ്കുവെച്ചു. നയതന്ത്ര മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും സിവിൽ സർവീസ് പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ചും വിദ്യാർത്ഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് അവർ മറുപടി നൽകി. അർപ്പണബോധമുള്ള പെൺകുട്ടികൾ ഉൾപ്പെടെയുള്ള യുവതലമുറ ഈ മേഖലയിലേക്ക് കൂടുതൽ കടന്നുവരണമെന്നും അവർ ആഹ്വാനം ചെയ്തു.
അൽഫോൻസ കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് റോഷ്ണി തോംസണെ ഉപഹാരം നൽകി ആദരിച്ചു. പാലാ നഗരസഭാദ്ധ്യക്ഷ ദിയ ബിനു, വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, അനൂപ് ചെറിയാൻ, വുമൺസ് സെൽ കോഓർഡിനേറ്റർ സ്മിത ക്ലാരി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സിവിൽ സർവീസ് ഉദ്യോഗാർത്ഥികളടക്കം മുന്നൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.










