എറണാകുളം: വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ അവധി നൽകാനുള്ള നിർദേശവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി തൃക്കാക്കര എംഎൽഎ ഉമാ തോമസ്. ആർത്തവം സ്ത്രീകൾക്ക് സ്വാഭാവികമായും ദൈവികമായും ലഭിച്ച ഒന്നാണെന്നും അതിന്റെ പേരിൽ കുട്ടികളെ മാറ്റിനിർത്തേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു.
ആർത്തവ അവധിയെക്കുറിച്ച് തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ ഉമാ തോമസ്, കൗമാരപ്രായത്തിലുള്ള കുട്ടികൾക്കിടയിൽ ഇത്തരം അവധികൾ വിളിപ്പേരുകൾക്കും അധിക്ഷേപങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ചെയ്യേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഉമാ തോമസ് അറിയിച്ചു. ആർത്തവ അവധി നടപ്പാക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും, നിർദേശത്തെക്കുറിച്ച് വിശദമായ ചർച്ചകൾക്കുശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും അവർ പറഞ്ഞു.
അതേസമയം, വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകുന്ന നിർദേശത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് അഡ്വ. നൂർബിന റഷീദും രംഗത്തെത്തിയിട്ടുണ്ട്. ആർത്തവ അവധി നടപ്പാക്കുന്നത് പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നൂർബിനയുടെ അഭിപ്രായം.
സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർത്ഥിനികളുടെ സ്വകാര്യ വിവരങ്ങൾ പുറത്തറിയപ്പെടാൻ സാധ്യതയുണ്ടെന്നും, സ്വകാര്യത സംരക്ഷിക്കുന്ന സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങൾ നടപ്പാക്കാവൂവെന്നും നൂർബിന റഷീദ് പറഞ്ഞു.
ആർത്തവ അവധി സംബന്ധിച്ച നിർദേശം പുറത്തുവന്നതിന് പിന്നാലെ വിവിധ മേഖലകളിൽ നിന്ന് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. വിഷയത്തിൽ സർക്കാർ തലത്തിൽ കൂടുതൽ ചർച്ചകൾ നടക്കാനിരിക്കുകയാണ്.





