പാട്‌ന: റേഷൻ വിതരണ സംവിധാനത്തിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനായി ബിഹാർ സർക്കാർ നടത്തിയ പരിശോധനയിൽ 5.5 ലക്ഷത്തിലധികം റേഷൻ കാർഡുകൾ റദ്ദാക്കി. പ്രത്യേക പരിശോധനാ നടപടികളുടെ ഭാഗമായി അർഹരല്ലെന്ന് കണ്ടെത്തിയ ഗുണഭോക്താക്കളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് അധികൃതർ അറിയിച്ചു.
ഭക്ഷ്യവകുപ്പ് മന്ത്രി അശോക് ചൗധരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇതുവരെ 97.56 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്താകെ 8.19 ലക്ഷം റേഷൻ കാർഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 5.57 ലക്ഷം കാർഡുകൾ റദ്ദാക്കുകയും 2.59 ലക്ഷം കാർഡുകൾ നിലനിർത്തുകയും ചെയ്തു.
ഗുണഭോക്താവിന്റെ മരണം, ദീർഘകാല കുടിയേറ്റം, നിർബന്ധിത ഇ-കെവൈസി പൂർത്തിയാക്കാത്തത്, വരുമാന മാനദണ്ഡങ്ങൾ പാലിക്കാത്തത് തുടങ്ങിയ കാരണങ്ങളാണ് കാർഡുകൾ റദ്ദാക്കാൻ പ്രധാനമായി പരിഗണിച്ചത്.
പാട്‌ന, മുസാഫർപൂർ, അരാരിയ, ഭാഗൽപൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ റേഷൻ കാർഡുകൾ അസാധുവാക്കപ്പെട്ടത്. റദ്ദാക്കിയ കാർഡുകളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ ജില്ലാ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് സബ് ഡിവിഷണൽ ഓഫീസർക്ക് മുമ്പാകെ അപ്പീൽ നൽകാനുള്ള അവസരവും സർക്കാർ ഒരുക്കിയിട്ടുണ്ട്. അർഹരായവർക്ക് മാത്രമേ സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കാവൂ എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വോട്ടർ പട്ടികയും റേഷൻ കാർഡ് വിവരങ്ങളും പരസ്പരം പരിശോധിച്ചാണ് അർഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആദായനികുതി അടയ്ക്കുന്നവർ, കമ്പനി ഡയറക്ടർമാർ, വാഹന ഉടമകൾ തുടങ്ങിയവർ പോലും സൗജന്യ ധാന്യ വിതരണ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്നതായി കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്തൃ പട്ടികയും സമാന രീതിയിൽ ശുദ്ധീകരിക്കുമെന്ന് സർക്കാർ സൂചന നൽകി.






