കാസർകോട്: മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെയാണ് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വാട്‌സ്ആപ്പ് സന്ദേശത്തിൽ കെ.എം. ഷാജിയെ വർഗീയവാദിയെന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. പിണറായി വിജയന്റെ മുന്നിൽ ഷാജിക്ക് നിവർന്ന് നിൽക്കാൻ കഴിയില്ലെന്ന തരത്തിലുള്ള പരാമർശവും സന്ദേശത്തിലുണ്ടായിരുന്നു. കാസർകോട് ജില്ലയിലെ “പോലീസ് ഫ്രണ്ട്സ്” എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പങ്കുവെച്ചത്. സംഭവത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയ്ക്കൊടുവിലാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.






