മലപ്പുറം: മുൻമന്ത്രി വി. അബ്ദുറഹിമാനുവേണ്ടി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ആശയവിനിമയം നടത്തിയിരുന്നത് താനായിരുന്നുവെന്ന് പൊന്നാനി എം.ഇ.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അമീറ ഐഷാ ബീഗം. മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അസോസിയേഷന് അയച്ച ഇ-മെയിലുകളുടെ പകർപ്പ് പുറത്തുവന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് അമീറ ഐഷാ വിശദീകരണം നൽകിയത്.
മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇന്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ്, മാർക്കറ്റിങ് ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ എന്നിവരുമായി താൻ ആശയവിനിമയം നടത്തിയിരുന്നുവെന്ന് അമീറ ഐഷാ പറഞ്ഞു. മന്ത്രിക്ക് വേണ്ടി അയക്കേണ്ട ഇ-മെയിലുകളുടെ ഉള്ളടക്കവും ആവശ്യമായ വിവരങ്ങളും തയ്യാറാക്കിയിരുന്നത് താനായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് മുൻമന്ത്രിയെ പരിചയപ്പെട്ടതെന്നും അമീറ ഐഷാ പറഞ്ഞു. ഫുട്ബോളിനോടുള്ള താൽപര്യം കാരണമാണ് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ആശയവിനിമയം നടത്താനുള്ള അവസരം ലഭിച്ചപ്പോൾ അത് ഏറ്റെടുത്തതെന്നും അവർ വ്യക്തമാക്കി. ഖത്തർ ലോകകപ്പ് നേരിൽ കാണാൻ പോയിട്ടുണ്ടെന്നും അമീറ ഐഷാ പറഞ്ഞു.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ആശയവിനിമയം നടത്തിയതിന് പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ಮೆസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആശയവിനിമയം ആവേശത്തോടെയാണ് ഏറ്റെടുത്തതെന്നും അമീറ ഐഷാ കൂട്ടിച്ചേർത്തു.




