തിരുവനന്തപുരം: കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതുകുളം സ്വദേശി ധർമരാജൻ (58) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 31ന് വൈകുന്നേരമാണ് വിദ്യാർഥിയെ വീട്ടിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ധർമരാജനെതിരെ സംശയം ഉയർന്നത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ നേരത്തെ പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചതായാണ് വിവരം. ഇതേ തുടർന്നാണ് പൊലീസ് ധർമരാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.












