പത്തനംതിട്ട: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ 15 വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. അയിരൂർ വെള്ളിയറ കടമാൻകുഴിയിൽ രാജീവ് എന്ന മുത്തുവിനാണ് (52) പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവും നാലുലക്ഷം രൂപ പിഴയും വിധിച്ചത്. ജഡ്ജി ഡോണി തോമസ് വർഗീസിന്റേതാണ് വിധി.
2010 നവംബർ ഒന്നിനാണ് രാജീവ് ഭാര്യ സിന്ധുവിനെ (34) തീകൊളുത്തി കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ പ്രതി, 2011 നവംബർ 30ന് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു.
വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ പ്രതിക്കായി പോലീസ് അന്വേഷണം തുടർന്നു. ഒടുവിൽ 15 വർഷത്തിനുശേഷം 2024 ഡിസംബർ 16ന് അന്നത്തെ കോയിപ്രം സർക്കിൾ ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.
തുടർന്നുനടന്ന വിചാരണയ്ക്കൊടുവിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അന്വേഷണസംഘത്തിൽ എ.എസ്.ഐ ഷിബുരാജ്, എസ്.സി.പി.ഒ ജോബിൻ ജോൺ, സി.പി.ഒ അരുൺ എന്നിവരും ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സന്ധ്യ ടി. വാസു ഹാജരായി. ശൈലജാദേവിയും അഖിലും പ്രോസിക്യൂഷൻ സഹായികളായി പ്രവർത്തിച്ചു.




