കൊച്ചി: ആലുവയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ അന്വേഷണത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഹരിപ്പാട് വയ്യാപുരം സ്വദേശി ധനേഷ് എസ്. നായരാണ് പിടിയിലായത്. ഇയാളിൽ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു.
‘ഡാനി’ എന്ന പേരിൽ അറിയപ്പെടുന്ന ധനേഷ്, ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം 185 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ധനേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
മൈസൂരുവിന് സമീപമുള്ള നഞ്ചൻകോടാണ് ധനേഷ് താമസിച്ചിരുന്നത്. മൈസൂരുവിൽ ഇയാൾക്ക് വാഴത്തോട്ടമുണ്ടെന്നും അവിടെനിന്ന് കേരളത്തിലേക്ക് നേന്ത്രപ്പഴക്കുലകൾ എത്തിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
നേന്ത്രപ്പഴക്കുലകൾ കൊണ്ടുപോകുന്ന ലോഡുകളിൽ ലഹരിമരുന്ന് ഒളിപ്പിച്ചാണ് സംഘം കടത്ത് നടത്തിയിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങളും ദൃശ്യങ്ങളും ഇതിന് തെളിവായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബെംഗളൂരു-മൈസൂരു മേഖലകളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ചിരുന്ന സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.


