ലുധിയാന: പഞ്ചാബി ഗായികയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഇന്ദര്‍ കൗറിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാനയിലെ കനാലില്‍ നിന്നാണ് കണ്ടെത്തിയത്. 29 വയസ്സായിരുന്നു. മെയ് 13മുതല്‍ യുവതിയെ കാണാതായിരുന്നു.
വീട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോയ കൗറിനെ സുഖ്‌വീന്ദര്‍ സിങ്ങെന്നയാള്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്. കൗര്‍ സുഖ്‌വീന്ദറിന്റെ വിവാഹവാഗ്ദാനം നിരാകരിച്ചിരുന്നു. ഇയാളാണ് കൊലയ്ക്ക് പിന്നിലെന്നും കുടുബത്തിന്റെ ആരോപണം.
അതേസമയം കൊലപാതകം ആസൂത്രണം ചെയ്ത ശേഷം സുഖ്‌വീന്ദര്‍ കാനഡയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പിതാവ് പ്രീതം സിങ്ങിനെയും സുഹൃത്ത് കരംജിത്ത് സിങ്ങിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ഗായികയുടെ മൃതദേഹം സംരാല സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.




