കൽപ്പറ്റ: കാണാതായ സ്ത്രീ വനത്തിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗൂഡല്ലൂരിന് സമീപമുള്ള വനപ്രദേശത്താണ് പൈക്കാര അനുപുറം സ്വദേശിനി പാർവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ഉൾവനത്തിൽ ചിതറിയ നിലയിലായിരുന്നു മൃതദേഹം.
ഈ മാസം 11-ാം തീയതി പകൽ കുടുംബകലഹത്തെ തുടർന്ന് വീട്ടിൽ നിന്ന് പുറത്തുപോയ പാർവതി ബന്ധുവീട്ടിലേക്ക് പോയിരിക്കാമെന്നായിരുന്നു കുടുംബത്തിന്റെ നിഗമനം. അതിനാൽ തുടക്കത്തിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നില്ല. പിന്നീട് ബന്ധുവീട്ടിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ ബന്ധുക്കൾ ആശങ്കയിലായി.
തുടർന്ന് ജനപ്രതിനിധികളുടെ സഹായത്തോടെ ബുധനാഴ്ച പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പൈക്കാര ഫോറസ്റ്റ് റെയ്ഞ്ചര്‍ മഞ്ജുഹാസിനിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീടിന് സമീപത്തെ തേയിലത്തോട്ടത്തില്‍ വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് എത്തി ഇന്‍ക്വാസ്റ്റ് നടത്തിയതിന് ശേഷം ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




