ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസുമായുള്ള വ്യാപാര കരാര്‍ അംഗീകരിച്ചത് വലിയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത നേട്ടങ്ങള്‍ മോദി വിറ്റുകളയുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. നാലു മാസമായി അനങ്ങാതെ കിടന്നിരുന്ന വ്യാപാര കരാറാണ് കഴിഞ്ഞ ദിവസം വൈകുന്നേരം പെട്ടെന്ന് ഒപ്പുവച്ചതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. കടുത്ത സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് മോദി കരാറില്‍ ഒപ്പുവച്ചത്. നരേന്ദ്രമോദിയുടെ പ്രതിച്ഛായ എന്ന കുമിള ഉടന്‍ പൊട്ടുമെന്നും പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
‘നരേന്ദ്രമോദി അസ്വസ്ഥനാണ്. അദ്ദേഹത്തിന് ഭയമാണ്. കാരണം, അദ്ദേഹത്തിന്റെ പ്രതിച്ഛായ നിര്‍മിച്ചവര്‍ തന്നെ ഇപ്പോള്‍ അത് തകര്‍ക്കുകയാണ്. അദാനിക്കെതിരെ യുഎസില്‍ കേസുണ്ട്. അത് യഥാര്‍ഥത്തില്‍ മോദിക്കെതിരായ കേസാണ്. അമേരിക്ക ഇതുവരെ പുറത്തുവിടാത്ത കൂടുതല്‍ വിവരങ്ങള്‍ എപ്സ്റ്റീന്‍ ഫയലുകളിലുണ്ട്. ഇതുമൂലം മോദിക്ക് വലിയ സമ്മര്‍ദമുണ്ട്. ഈ രണ്ട് കാര്യങ്ങളും രാജ്യം മനസിലാക്കണം’ രാഹുല്‍ പറഞ്ഞു. മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ ആത്മകഥയിലെ ഭാഗങ്ങള്‍ ഉദ്ധരിച്ച് സംസാരിക്കാന്‍ ലോക്‌സഭയില്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും രാഹുല്‍ ആരോപിച്ചു.
വ്യാപാര കരാറിലൂടെ നരേന്ദ്ര മോദി കര്‍ഷകരുടെ കഠിനാധ്വാനവും രക്തവും വിയര്‍പ്പും വിറ്റുകളഞ്ഞുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. മോദി ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിയതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ മാത്രമല്ല, രാജ്യത്തെ തന്നെ മോദി വിറ്റുവെന്നതാണ് യാഥാര്‍ഥ്യമെന്നും അതുകൊണ്ടാണ് സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.










