ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ–ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് ഇരുനേതാക്കളും ചർച്ച ചെയ്തതെന്ന് പ്രധാനമന്ത്രി എക്‌സിൽ അറിയിച്ചു.
പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങൾ കൈമാറി. ഭീകരവാദത്തിനെതിരെ ദൃഢനിശ്ചയത്തോടെ ചേർന്ന് പോരാടാനുള്ള പ്രതിബദ്ധത ഇന്ത്യയും ഇസ്രായേലും ആവർത്തിച്ചു. വിവിധ പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിലായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും പ്രധാനമന്ത്രി പുതുവത്സരാശംസകൾ നേർന്നു. നെതന്യാഹുവിനെ ‘സുഹൃത്ത്’ എന്ന വിശേഷണത്തിലൂടെയാണ് മോദി തന്റെ സന്ദേശത്തിൽ അഭിസംബോധന ചെയ്തത്.




