ലഖ്‌നൗ: ഉത്തർപ്രദേശിലെ നിയമനിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ ബിജെപിക്ക് തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ ടീച്ചേഴ്‌സ് മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) സ്ഥാനാർഥി ലാൽ ബിഹാരി യാദവ് വിജയിച്ചു. ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തിൽ എസ്‌പി സ്ഥാനാർഥി അശുതോഷ് സിൻഹയും വിജയം നേടി.
വിജയത്തിന് പിന്നാലെ എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിനെ പ്രശംസിച്ച് ലാൽ ബിഹാരി യാദവ് രംഗത്തെത്തി. ഉത്തർപ്രദേശിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാൻ എസ്‌പിക്ക് കരുത്തുണ്ടെന്നും അഖിലേഷ് യാദവിനോടുള്ള ജനങ്ങളുടെ താൽപര്യമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞെടുപ്പിന്റെ ആകെ ഫലത്തിൽ ബിജെപിക്കാണ് മേൽക്കൈയെങ്കിലും വാരാണസിയിലെ വിജയം എസ്‌പിക്ക് രാഷ്ട്രീയ നേട്ടമായി. ആഗ്ര മണ്ഡലത്തിലും എസ്‌പിക്ക് വിജയമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ലഖ്‌നൗ ടീച്ചേഴ്‌സ്, മീററ്റ്–ഷഹ്‌റാൻപൂർ ടീച്ചേഴ്‌സ്, ബറേലി–മൊറാദാബാദ് ടീച്ചേഴ്‌സ്, മീററ്റ്–ഷഹ്‌റാൻപൂർ ഗ്രാജ്വേറ്റ്‌സ് മണ്ഡലങ്ങളിൽ ബിജെപി വിജയം നേടിയിട്ടുണ്ട്.
2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽസി തെരഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് നിർണായകമാണ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ വാരാണസിയിൽ നേടിയ വിജയം എസ്‌പിക്ക് ആത്മവിശ്വാസം നൽകുന്നതായാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ബിജെപിയുടെ ആധിപത്യത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്ന എസ്‌പിക്ക് ഈ വിജയം രാഷ്ട്രീയമായി പ്രാധാന്യമുള്ളതാണ്. അതേസമയം, വിവിധ മണ്ഡലങ്ങളിലെ വിജയത്തോടെ ബിജെപി തങ്ങളുടെ മേൽക്കൈ നിലനിർത്തുകയും ചെയ്തു.




