ടെഹ്റാൻ: ഇറാൻ സേനയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവുമായി പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് മുജ്തബ ഖമനേയി രംഗത്ത്. ഇറാനെ വിഭജിക്കാൻ ശ്രമിച്ച അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ പ്രതിരോധിച്ച് സേന ചരിത്രം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ശത്രുക്കൾക്കെതിരെ കനത്ത തിരിച്ചടി നൽകാൻ നാവിക സേനയും പൂർണ സജ്ജമാണെന്നും, ഡ്രോൺ ആക്രമണങ്ങൾ വഴി എതിരാളികൾക്ക് ശക്തമായ സന്ദേശം നൽകിയതായും സന്ദേശത്തിൽ പറയുന്നു.
ഇതിനിടെ ഇറാനിയൻ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇറാൻ ക്രൂഡോയിലുമായി ഒരു സൂപ്പർ ടാങ്കർ ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകളെ ഇറാൻ തടഞ്ഞ് പിന്നീട് തിരിച്ചയച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആണവ കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ ബുധനാഴ്ചയ്ക്കുള്ളിൽ ധാരണയുണ്ടാകാത്ത പക്ഷം സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കരാർ ഉണ്ടായില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഇറാനെതിരെ ബോംബാക്രമണം നടത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഇതിന് മറുപടിയായി, യുഎസ് നാവിക ഉപരോധം തുടരുകയാണെങ്കിൽ അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന സൂചനകളും ഇറാൻ നൽകി.
വെടിനിർത്തൽ നീട്ടുന്നതിൽ ഉറപ്പില്ലെങ്കിലും ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയതോടെ മേഖലയിൽ വീണ്ടും സംഘർഷഭീതിയാണ് ഉയരുന്നത്. “ആവശ്യമെങ്കിൽ ബോംബാക്രമണം വീണ്ടും ആരംഭിക്കേണ്ടിവരും” എന്ന ട്രംപിന്റെ പ്രസ്താവനയും സാഹചര്യം കൂടുതൽ വഷളാക്കി.
ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ ആണവ കരാർ, ഉപരോധം നീക്കം എന്നിവയിൽ ഇരുപക്ഷത്തിനും ഇടയിൽ വലിയ ഭിന്നത തുടരുകയാണ്. ലോകത്തെ എണ്ണ കയറ്റുമതിയുടെ മൂന്നിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കപ്പെടാനുള്ള സാധ്യത ആഗോള വിപണിയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.




