കോഴിക്കോട്: പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്ന് തട്ടിയെടുത്ത പണത്തില്‍ നിന്ന് 39 ലക്ഷം രൂപ കണ്ടെത്തി. തെളിവെടുപ്പിനിടെ വീടീന് സമീപത്തെ പറമ്പില്‍ നിന്നാണ് പണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി ഷിബിന്‍ലാല്‍ തന്നെയാണ് പണം കുഴിച്ചിട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഷിബിന്‍ ലാലിന്റെ പേഴ്‌സും ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകളും പണത്തിനൊപ്പം കണ്ടെത്തി.
ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും, തന്റെ കയ്യില്‍ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിന്‍ലാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ഷിബിന്‍ ലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അവശേഷിച്ച പണം കൂടി കണ്ടെത്താന്‍ സാധിച്ചത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജൂണ്‍ ആദ്യമായിരുന്നു ബാങ്കില്‍ നിന്ന് പണം തട്ടിയത്. ബാങ്ക് ജീവനക്കാര്‍ 40 ലക്ഷം രൂപയുമായി സ്വകാര്യ ബാങ്കിലേക്ക് എത്തിയ സമയത്ത്, ബാങ്ക് ജീവനക്കാരന്റെ കയ്യില്‍ നിന്നും പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്വന്തം സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു.






