ന്യൂഡൽഹി: ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ ഇന്ന് പരിഗണിക്കും. നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനാണ് ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം പാർലമെന്റിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ബില്ലും അവതരിപ്പിക്കും.
നേരത്തെ ബിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നെങ്കിലും പാർലമെന്റിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനാകാത്തതിനെത്തുടർന്ന് നീക്കം പരാജയപ്പെട്ടിരുന്നു. ഇത്തവണ പ്രാദേശിക പാർട്ടികളുടെ നിലപാടുകൾ കൂടി പരിഗണിച്ചുള്ള വ്യവസ്ഥകളോടെയാകും പുതിയ ബിൽ അവതരിപ്പിക്കുക. ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാൻ പ്രതിപക്ഷ നിരയിലെ ചില പാർട്ടികളുടെയും അംഗങ്ങളുടെയും പിന്തുണ നേടാനുള്ള ശ്രമങ്ങളും കേന്ദ്രസർക്കാർ നടത്തുന്നുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധന വരുത്തുന്നതിലൂടെയാണ് ആകെ സീറ്റുകൾ 850 ആയി ഉയർത്തുക. 2011-ലെ സെൻസസ് കണക്കുകൾ അടിസ്ഥാനമാക്കിയായിരിക്കും സീറ്റുകളുടെ വർധന. അതേസമയം, മണ്ഡല പുനർനിർണയത്തിലൂടെ വർധിപ്പിക്കുന്ന സീറ്റുകളുടെ എണ്ണം അടുത്ത 25 വർഷത്തേക്ക് മരവിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയാൽ തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ നാലുദിവസത്തെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


