ന്യൂഡൽഹി: കേരള തീരത്ത് അറബിക്കടലിൽ MSC Elsa 3 കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള നഷ്ടപരിഹാര കേസിൽ ഹൈക്കോടതിയിലെ നിലവിലെ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. നവംബർ 13 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം. ജസ്റ്റിസുമാരായ കെ. വി. വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിൽ കേസിലെ എതിർകക്ഷിയായ കപ്പൽ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കപ്പലിലുണ്ടായിരുന്ന ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആർ. സജി സുരേന്ദ്രൻ, സാൻസ് കാഷ്യു പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ നൽകിയ ഹർജികളിലാണ് കോടതി തൽസ്ഥിതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ വി. ചിദംബരേഷ്, വി. ജെ. മാത്യു എന്നിവരും അഭിഭാഷകരായ ജോയ് തട്ടിൽ ഇട്ടൂപ്പ്, അനു ഭുവനചന്ദ്രൻ എന്നിവരും ഹാജരായി. ഷിപ്പിംഗ് കമ്പനിക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ നീരജ് കിഷൻ കൗൾ, പ്രശാന്ത് എസ്. പ്രതാപ് എന്നിവർ ഹാജരായി.
2025 മെയ് മാസത്തിലാണ് അറബിക്കടലിൽ MSC Elsa 3 കപ്പൽ അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ കടൽക്ഷോഭത്തെ തുടർന്ന് ചരിയുകയായിരുന്നു. തുടർന്ന് നിരവധി കണ്ടെയ്‌നറുകൾ കടലിൽ വീണു.
ലൈബീരിയൻ രജിസ്ട്രേഷനിലുള്ള കപ്പൽ കേരള തീരത്തുനിന്ന് ഏകദേശം 70 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായി അപകടത്തിൽപ്പെട്ടു. കപ്പലിൽ 400-ലേറെ കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഉണ്ടായിരുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിരുന്നു.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നിയമനടപടികളിലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഇടപെടൽ.














