ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിനെ വിമർശിക്കാൻ തിടുക്കം കാണിക്കേണ്ടതില്ലെന്ന് നടൻ പ്രകാശ് രാജ്. സർക്കാർ അധികാരത്തിലെത്തിയിട്ട് 120 ദിവസം മാത്രമായതിനാൽ ഇപ്പോൾ തന്നെ പ്രവർത്തനം വിലയിരുത്തുന്നത് അകാലമാണെന്നും കുറഞ്ഞത് ഒരു വർഷത്തെ സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു. തിരുച്ചിറപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.
വിജയ്‌യെക്കുറിച്ച് തനിക്ക് ചില സംശയങ്ങളുണ്ടെന്നും ഇക്കാര്യം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞിരുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി. എന്നാൽ സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ ആദ്യ ബജറ്റ് വരെയെങ്കിലും കാത്തിരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിന് ശേഷവും സർക്കാർ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ ചോദ്യം ചെയ്യുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ഭരണത്തിലുള്ളവരോടുള്ള വ്യക്തിപരമായ എതിർപ്പിന്റെ പേരിൽ മാത്രം വിമർശനം നടത്തരുതെന്നും ജനാധിപത്യത്തെയും ജനവിധിയെയും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജയ് വിദേശത്തുപോയി സുഹൃത്തായ അജിത് കുമാറിനെ കണ്ടതിൽ തെറ്റില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. വിദേശയാത്രയുടെ ലക്ഷ്യം കൈവരിച്ചോ എന്നതാണ് പരിശോധിക്കേണ്ടതെന്നും, ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായി വിജയ് അവകാശപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













