കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ അബ്ദുൽ റഷീദിനെ കാണാതായ സംഭവത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ശക്തമാക്കി. ബാലുശ്ശേരി പൂരത്ത് വീട്ടിൽ അബ്ദുൽ റഷീദിനെ കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായെന്നാണ് പരാതി.
രാവിലെ 6.30ഓടെ മകളുമായി ബൈക്കിൽ വീട്ടിൽ നിന്ന് ഇറങ്ങിയ റഷീദ്, മകളെ ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ഇറക്കിയ ശേഷമാണ് അപ്രത്യക്ഷനായത്. തുടർന്ന് ജോലി സ്ഥലമായ മുക്കം പോലീസ് സ്റ്റേഷനിലേക്കോ തിരികെ വീട്ടിലേക്കോ അദ്ദേഹം എത്തിയിരുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ റഷീദ് തച്ചംപൊയിൽ വരെ ബൈക്കിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിന് ശേഷമുള്ള യാത്രയെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ റഷീദിന്റെ ഫോൺ ലൊക്കേഷൻ മൈസൂരിൽ ലഭിച്ചതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസിന്റെ പ്രത്യേക സംഘം മൈസൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള അന്വേഷണം വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.




