ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച വൈകിട്ട് 6ന് 135.30 അടിയിലെത്തി. ശക്തമായ മഴ തുടര്‍ന്നാല്‍ ഇന്ന് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും. നിലവില്‍ ജൂണ്‍ 30 വരെ 136 അടി വെള്ളമാണു തമിഴ്‌നാടിനു സംഭരിക്കാന്‍ കഴിയുക. അതിനു മുകളിലേക്കു ജലനിരപ്പ് ഉയരാതെ നിര്‍ത്തേണ്ടതിനാലാണു ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നത്.
ജലനിരപ്പ് 136 അടിയില്‍ എത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. പെരിയാര്‍, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇവര്‍ക്കായി 20ല്‍ അധികം ക്യാംപുകള്‍ ഒരുക്കി. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്തു മാത്രമേ തുറക്കാവൂവെന്നു തമിഴ്‌നാടിനോട് അഭ്യര്‍ഥിച്ചതായി കലക്ടര്‍ അറിയിച്ചു.
അതേസമയം ഇന്നലെ വൈകിട്ട് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2360 അടിയിലേക്കുയര്‍ന്നു.സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. ജലനിരപ്പ് 5 അടി കൂടി ഉയര്‍ന്നാല്‍ മുന്നറിയിപ്പു നല്‍കും. റൂള്‍ കര്‍വ് നിയമം അനുസരിച്ച് ജലനിരപ്പ് 2365 അടിയിലെത്തിയാല്‍ ബ്ലൂ അലര്‍ട്ട് നല്‍കും. ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചാലും ഡാം ഉടന്‍ തുറന്നുവിടാന്‍ സാധ്യതയില്ല. 30നു മുന്‍പ് 2373 അടി വെള്ളം ആയാല്‍ മാത്രമേ അണക്കെട്ട് തുറക്കേണ്ടിവരികയുള്ളൂ. ജൂലൈ ഒന്നുമുതല്‍ റൂള്‍ കര്‍വ് 2375.33 അടിയായി ഉയരും. ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ കുറഞ്ഞിട്ടും ഇപ്പോഴും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.






