ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രികഴകത്തെ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. ഡിഎംകെയ്‌ക്കൊപ്പം തുടരാനാണ് നിലവിൽ മുസ്ലിം ലീഗിന്റെ തീരുമാനം. അതേസമയം ടിവികെയ്ക്ക് പിന്തുണ നല്‍കാനാണ് എഐഎഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ നീക്കം. 40 എംഎല്‍എമാര്‍ ഇതിനകം പിന്തുണ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. സി വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയിയെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നത്.
കോണ്‍ഗ്രസ് പിന്തുണ ടിവികെയ്ക്ക് ലഭിച്ചേക്കും. രണ്ട് മന്ത്രിസ്ഥാനം അടക്കം ഉപാധികള്‍ കോണ്‍ഗ്രസ് ടിവികെയ്ക്ക് മുന്നില്‍വെച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രധാന ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ടിവികെയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കമാന്‍ഡ് തമിഴ്നാട് രാഷ്ട്രീയകാര്യ സമിതിക്ക് വിട്ടിരിക്കുകയാണ്. ടിവികെയ്ക്ക് 107 അംഗങ്ങളുണ്ട്. 108 സീറ്റില്‍ വിജയിച്ചെങ്കിലും വിജയ് ജയിച്ച രണ്ട് സീറ്റിലൊന്നില്‍ രാജിവെയ്‌ക്കേണ്ടി വരും.




