തിരുവനന്തപുരം: ദേശീയപാതയിൽ അൻപതോളം ഇടങ്ങളിൽ വിള്ളൽ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശീയപാത നിർമ്മാണവുമായി സംസ്ഥാന സർക്കാരിനെ യാതൊരു ബന്ധവുമില്ല എന്ന് ഇപ്പോൾ പറയുന്നു. കൂരിയാട് മാത്രമല്ല തിരുവനന്തപുരത്തും കൊല്ലത്തും ഉൾപ്പെടെ പലയിടത്തും ദേശീയപാതയിൽ വിള്ളൽ വീണിട്ടുണ്ട്. അവിടെയൊക്കെ പോയി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റീൽസ് ഇടട്ടെ, അതൊക്കെ കേരളത്തിലെ ജനങ്ങൾ കാണട്ടെയെന്ന് സതീശൻ പറഞ്ഞു. നാണക്കേട് മറക്കാൻ വേണ്ടി മന്ത്രി എന്തൊക്കെയോ പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാരിവട്ടം പാലത്തിന് അപാകതയുണ്ടെന്ന് റിപ്പോർട്ടിന്റെ പേരിൽ വിജിലൻസ് കേസ് എടുത്ത് സർക്കാരിന് ഇപ്പോൾ കേന്ദ്രത്തിനെതിരെ ഒരു കേസും എടുക്കാൻ താല്പര്യം ഇല്ല. വിള്ളൽ അടച്ചാൽ മതിയെന്നാണ് പറയുന്നത്. എന്നാൽ വലിയ മഴ വരാനിരിക്കുകയാണ്, വലിയവിള്ളലും കാണാനിരിക്കുന്നതേയുള്ളൂ എന്നും സതീശൻ പറഞ്ഞു.
ഉമ്മൻചാണ്ടി കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റെടുക്കാൻ നോക്കി. അത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി. വിഴിഞ്ഞത്തിന്റെ പൂർണമായ ക്രെഡിറ്റ് ഉമ്മൻചാണ്ടി സർക്കാരിനാണ്. എംപിമാർ ഉൾപ്പെടെ ഞങ്ങളെല്ലാം റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന് എഴുതി കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് പണിപൂർത്തിയാക്കി എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമിച്ചതാണ് നാലാം വാര്‍ഷികത്തില്‍ പൊളിഞ്ഞു താഴെ വീണത് സതീശന്‍ കൂട്ടിച്ചേർത്തു.




