തൃശ്ശൂർ: ജന്മദിനാഘോഷവും വായനയിലേക്കൊരു പ്രചോദനമാക്കാനൊരുങ്ങുകയാണ് നവമാറ്റൊലി കുട്ടിലൈബ്രറി കൂട്ടുകാർ. അതിൻ്റെ ഭാഗമായി ഈ വർഷം മുതൽ നടപ്പിലാക്കുന്ന ആഘോഷപരിപാടിയാണ് ഹാപ്പി ബർത്ത്ഡേ സെലിബ്രേഷൻ.
ഒരോ മാസത്തിലും കുട്ടി ലൈബ്രറി അംഗങ്ങളായ കുട്ടികളിൽ ജന്മദിനമുള്ള കുട്ടികളെ ആ മാസത്തിലെ അവസാന ഞായറാഴ്ച ലൈബ്രറിയിൽ ക്ഷണിച്ചു വരുത്തി മറ്റു കൂട്ടുകാരുടെ സാന്നിധ്യത്തിൽ വലിയ കേക്ക് മുറിച്ചും പാട്ടുകൾ പാടിയും സമ്മാനങ്ങൾ നൽകിയും ആഘോഷിക്കുന്നു. വായിക്കാനുള്ള പുസ്തകങ്ങളാണ് സമ്മാനമായി നൽകുന്നത്. ആദ്യ പരിപാടിയായ
ജനുവരി മാസത്തിൽ ജന്മദിനമുള്ള പത്തു കൂട്ടുകാരാണ് പങ്കെടുത്തത്. ദേശീയ റസ്‌ലിങ് താരം മാളവിക സുനിൽകുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കുട്ടിലൈബ്രറി ഭാരവാഹികളായ ടി എസ് മനോജ്, കെ എം ഗായത്രി, അദ്രിത കെ മോഹനൻ, കെ എസ് സൂര്യദേവ് എന്നിവർ നേതൃത്വം നൽകി.










