കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം തന്നെ നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ കെ വിശ്വന്‍ പറഞ്ഞു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായി കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയും കുറ്റപത്രത്തിലുണ്ട്. നവീന്‍ ബാബു പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. യാത്ര അയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കി.
ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീന്‍ ബാബുവിനോട് പറഞ്ഞു എന്നാണ് കളക്ടര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിന് പിന്നാലെ ഈ വിവരങ്ങള്‍ മന്ത്രിയെ അറിയിച്ചുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. യാത്രയയപ്പിന് ശേഷം പി പി ദിവ്യയും വിളിച്ചുവെന്നും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.






