തിരുവനന്തപുരം: നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന് ശംഖുമുഖത്തെ തീരക്കടലിലും ആകാശത്തും സേന ശക്തിപ്രകടനം നടത്തുന്നു. സേനയുടെ വിവിധ യുദ്ധക്കപ്പലുകളും അനുബന്ധമായി ആകാശത്ത് യുദ്ധവിമാനങ്ങളും വിവിധതരം ഹെലികോപ്റ്ററുകളും ആകാശപ്രകടനം നടത്തും.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ചെറുതും വലുതുമായ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും പായ്ക്കപ്പലുകളും ശംഖുമുഖം കടലിൽ നിരക്കും.
തീരക്കടലിലാണ് കപ്പലുകളുടെ പ്രദർശനവും പ്രകടനവും നടക്കുക. വലിയ സൈനിക കപ്പലുകൾ അടക്കമുള്ള യുദ്ധക്കപ്പലുകളെ തീരത്തോടു ചേർത്തുള്ള ദൃശ്യവിസ്മയമാണ് സേനയൊരുക്കുന്നത്. 27 മുതലാകും കപ്പലുകളുടെ വൻ നിരയെത്തിത്തുടങ്ങുക.
ശംഖുമുഖത്തെ കടലിൽ കപ്പലുകളുടെയും ആകാശത്ത് യുദ്ധവിമാനങ്ങളുടെയും റിഹേഴ്‌സലുണ്ടാകും. ഈ മാസം 30-നും ഡിസംബർ ഒന്നിനുമാകും ട്രയൽറൺ നടത്തുക. നിലവിൽ തീരക്കടലിനോടുചേർത്ത് കപ്പലുകൾക്ക് അടുപ്പിക്കാനുള്ള സ്വാഭാവിക ആഴമാണുള്ളത്. കപ്പലുകളുടെ ജലനിരപ്പിൽനിന്ന് അടിഭാഗംവരെ തടസ്സമില്ലാതെ തീരക്കടലിനോട് അടുപ്പിക്കുമ്പോൾ ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങളുണ്ടോയെന്ന് ഹൈഡ്രോഗ്രാഫിക് സർവേയിലൂടെ പരിശോധിക്കുന്നതിനാണ് കൊച്ചിയിൽ നിന്ന് ‘ഐഎൻഎസ് ഇക്ഷക്’ എന്ന സർവേ കപ്പൽ തിങ്കളാഴ്ച ഉച്ചയോടെ ശംഖുംമുഖത്തെ കടലിലെത്തിയത്.
നിലവിൽ വലിയതുറ കടൽഭാഗംമുതൽ വേളിക്കടൽവരെയുള്ള തീരക്കടലിലാവും സേനയുടെ കപ്പലുകൾ നിരക്കുക. കടലിന്റെ നിലവിലെ സ്വഭാവവും തിരയും അടിയൊഴുക്കും കടലാഴവും അടക്കമുള്ളവ ഹൈഡ്രോഗ്രാഫിക് സർവേയിലൂടെ കണ്ടെത്തുന്നതിനാണ് കപ്പലെത്തിയതെന്ന് ബന്ധപ്പെട്ട നാവികസേനാധികൃതർ പറഞ്ഞു.










