ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ് എന്ന യാഷ്ഗീതു മോഹന്‍ദാസ് ചിത്രം 2026 മാര്‍ച്ച് 19-ന് തിയറ്ററുകളിലേക്ക് എത്താനിരിക്കെ, ചിത്രത്തിന്റെ ഇരുണ്ടതും ആഴമേറിയതുമായ ലോകത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ശക്തമായ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഗംഗ എന്ന കഥാപാത്രമായി നയന്‍താരയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭംഗിയും ഭീഷണിയും ഒരുമിച്ച് നിറഞ്ഞ ശക്തമായ സാന്നിധ്യമായി, നയന്‍താര ഈ ചിത്രത്തിന്റെ യൂണിവേഴ്സില്‍ നിര്‍ണായക ശക്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഐകോണിക് നടിമാരിലൊരാളായ നയന്‍താര, ടോക്‌സികില്‍ ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാണ് ടോക്സിക്കില്‍ അവതരിപ്പിക്കുന്നത്. സ്വാഭാവിക ആകര്‍ഷണം കൂടുതല്‍ ശക്തമാകുകയും, അതേസമയം പുതുമയുള്ളൊരു അവതാരം പ്രേക്ഷകര്‍ക്ക് മുന്നില്‍ വെക്കുകയും ചെയ്യുന്ന ഒരു യാത്രയാണ് ഗംഗ എന്ന കഥാപാത്രത്തിലൂടെ നയന്‍താര ടോക്സിക്കില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
ഗംഗയായി നയന്‍താരയുടെ അവതാരം ദൃശ്യപരമായി അതീവ ആകര്‍ഷകമാണ്. നിര്‍ഭയത്വം നിറഞ്ഞ ആത്മവിശ്വാസത്തോടെ, പരിശീലനം ലഭിച്ച അധികാരബോധത്തോടെ തോക്ക് ചൂണ്ടി നില്‍ക്കുന്ന ഗംഗയുടെ കാമ്പോസ്ഡ് സാന്നിധ്യം, ഭംഗിയും അപകടവും ഒരുപോലെ പകര്‍ന്നുനല്‍കുന്നു. ആഡംബരപൂര്‍ണമായ ഒരു ഗ്രാന്‍ഡ് കാസിനോ എന്‍ട്രന്‍സിന്റെ പശ്ചാത്തലത്തില്‍, തന്റേതായ ഇടത്തില്‍ നിയമങ്ങള്‍ സ്വയം നിര്‍ണ്ണയിക്കുന്ന സ്ത്രീയായാണ് ഗംഗയെ ചിത്രം അവതരിപ്പിക്കുന്നത്.
ഗംഗയായി നയന്‍താരയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് സംവിധായിക ഗീതു മോഹന്‍ദാസ് ഇപ്രകാരം പറഞ്ഞു:
”നയന്‍ താരയെ നമ്മള്‍ക്ക് ആഘോഷിക്കപ്പെടുന്ന താരമായും ശക്തമായ സ്‌ക്രീന്‍ സാന്നിധ്യമുള്ള കലാകാരിയായും അറിയാം. ഇരുപത് വര്‍ഷത്തിലേറെ നീളുന്ന കരിയറുമുണ്ട്. എന്നാല്‍ ടോക്‌സിക് ചിത്രത്തില്‍, ഇതുവരെ പുറത്തുവരാതെ കാത്തിരുന്ന ഒരു പ്രതിഭയാണ് നയന്‍ താരയില്‍ നിന്ന് പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്.നയനെ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അവതരിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഷൂട്ടിംഗ് മുന്നോട്ടുപോയപ്പോള്‍,നയന്‍ താരയുടെ വ്യക്തിത്വം തന്നെ കഥാപാത്രത്തിന്റെ ആത്മാവുമായി എത്ര അടുത്താണ് ചേര്‍ന്നിരിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അത് അഭിനയമല്ല അലൈന്‍മെന്റാണ്. അവള്‍ കൊണ്ടുവന്ന ആഴവും സത്യസന്ധതയും നിയന്ത്രണവും വികാരവ്യക്തതയും കഥാപാത്രത്തിന്മേല്‍ ചേര്‍ത്ത പാളികളല്ല; അവള്‍ക്കുള്ള ഗുണങ്ങളാണ്. നയന്‍താര അതുല്യമായി അവതരിപ്പിച്ച എന്റെ ഗംഗയെ ഞാന്‍ കണ്ടെത്തി അതിലുപരി, ഒരു പ്രിയ സുഹൃത്തിനെയും.”
യാഷ് ‘കെജിഎഫ് ചാപ്റ്റര്‍ 2’ ലൂടെ ബോക്സ് ഓഫീസ് ചരിത്രം പുനര്‍നിര്‍വചിച്ച ശേഷം, ‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ്’ എന്ന അതിമഹത്തായ പ്രോജക്ടിലൂടെ വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഓരോ അപ്‌ഡേറ്റിനും ചിത്രം പതിവുകളില്‍ നിന്നുള്ള ധീരമായ മാറ്റം സൂചിപ്പിക്കുന്നു. മുമ്പ് കിയാര അദ്വാനി നാദിയയായി എത്തിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ ലുക്ക് മനോഹരതയും മറഞ്ഞിരിക്കുന്ന മുറിവുകളും ഓര്‍മപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഹുമ ഖുറേഷി അവതരിപ്പിച്ച എലിസബത്തിന്റെ ഗൂഢത നിറഞ്ഞ ക്യാരക്ടര്‍ അവതരണവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് രചന നിര്‍വഹിച്ച്, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂര്‍, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി പി അബിദ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ ജെ പെറിയോടൊപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവും കേച ഖംഫാക്ഡീയും ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്.
കെ വി എന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട് കെ നാരായണയും യാഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നിവയോടനുബന്ധിച്ച ദീര്‍ഘമായ ഉത്സവ വാരാന്ത്യമായ 2026 മാര്‍ച്ച് 19-നാണ് ‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ്’ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.










