അടുത്തിടെ നസ്രിയ നസീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ തനിക്ക് മാസങ്ങളായി മാനസികമായി അത്ര സുഖമില്ലെന്നും, വ്യക്തിപരമായ ചില വെല്ലുവിളികള്‍ മൂലമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നിന്നതെന്നും നസ്രിയ നസീം പറയുന്നു.
‘എന്റെ 30ആം പിറന്നാളും പുതുവര്‍ഷവും, സൂക്ഷ്മദര്‍ശിനിയുടെ വിജയവുമെല്ലാം ഞാന്‍ ആഘോഷിക്കാന്‍ വിട്ടുപോയി, കാര്യങ്ങള്‍ വിശദീകരിക്കാത്തതിനും കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നല്‍കാത്തതിലും ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. ഇതിനൊപ്പം, എനിക്ക് കേരള ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച സന്തോഷകരമായ വാര്‍ത്തയും അറിയിച്ചുകൊള്ളുന്നു എന്നാണ് നസ്രിയ പോസ്റ്റില്‍ കുറിച്ചത്.
പോസ്റ്റിനോട് പ്രതികരിച്ച് ഒരു വലിയ പങ്ക് പ്രേക്ഷകരും കമന്റ് ചെയ്തത്, നസ്രിയയുടെ ഡിവോഴ്സ് അറിയിപ്പ് ആണെന്ന് ഓര്‍ത്ത് പേടിച്ചു പോയി എന്നും പോസ്റ്റ് വായിച്ചു കഴിഞ്ഞാണ് സമാധാനം ആയതെന്നും ഒക്കെയാണ്. നസ്രിയയ്ക്ക് പിന്തുണയര്‍പ്പിച്ചു കൊണ്ട് നിരവധി സെലിബ്രിറ്റികളാണ് കമന്റ് ബോക്സിലെത്തിയത്.
ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, ഗൗതമി നായര്‍, പേളി മാണി, അന്ന ബെന്‍, കീര്‍ത്തി പാണ്ട്യന്, രജീഷ് വിജയന്, വിനയ് ഫോര്‍ട്ട്, ശ്രിന്ദ തുടങ്ങിയ താരങ്ങളും ആഷിഖ് അബു, ജൂഡ് ആന്റണി ജോസഫ് എന്നീ സംവിധായകരുമാണ് പിന്തുണയറിയിച്ചത്. പോസ്റ്റിട്ട് മൂന്നു മണിക്കൂറിനുള്ളില്‍ 2 ലക്ഷം ലൈക്കാണ് ലഭിച്ചത്.
പ്രയാസമേറിയ യാത്രയായിരുന്നുവെങ്കിലും ഇത് എല്ലാം സുഖപ്പെടാന്‍ താന്‍ നിരന്തരമായി ശ്രമിക്കുന്നുണ്ട് എന്നും തിരിച്ചുവരാന്‍ തനിക്ക് അല്പം സമയമാവശ്യമാണെങ്കിലും എല്ലാം ഭേദമാകുന്നതിലേയ്ക്കുള്ള പാതയിലാണ് താന്‍ എന്നും കുറിച്ചുകൊണ്ടാണ് നസ്രിയ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.






