അഹില്യനഗർ: നീറ്റ് പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്ന് മാനസിക വിഷമത്തിലായ വിദ്യാർഥിനി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹില്യനഗർ ജില്ലയിലെ ജലാൽപൂർ ഗ്രാമത്തിൽ നിന്നുള്ള അങ്കിത സാംഗ്ലേ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 ഓടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അങ്കിതയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് മറാത്തി ഭാഷയിലുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി.
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ അങ്കിതയ്ക്ക് 166 മാർക്ക് മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെ കുട്ടി മാനസികമായി വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. തന്റെ മാതാപിതാക്കളും സഹോദരനും നൽകിയ പിന്തുണയെക്കുറിച്ചും, അവരുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയാത്തതിലുള്ള വിഷമത്തെക്കുറിച്ചുമാണ് അങ്കിത കുറിപ്പിൽ എഴുതിയിരുന്നത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സഹോദരൻ മാതാപിതാക്കളെ നന്നായി നോക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




