തിരുവനന്തപുരം: നേപ്പാളിലെ മിന്നൽപ്രളയത്തിൽ 53 മലയാളികൾ മലയാളികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. കുടുങ്ങിയ മലയാളികളെ കണ്ടെത്തുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം ഊർജിതമാക്കി.
വിവിധ ഹെൽപ്പ് ഡെസ്കുകളിലേക്ക് ലഭിച്ച 17 ഫോൺ കോളുകളിൽ നിന്നാണ് 53 മലയാളികൾ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിയതായി കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലും ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്.
കുടുങ്ങിക്കിടക്കുന്ന 53 പേരുമായും ഇതുവരെ നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളിൽ നിന്ന് അധികൃതർ ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാനോ ഫോൺ വഴി ബന്ധപ്പെടാനോ കഴിയാത്ത അവസ്ഥയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
നേപ്പാളിലെ മലയാളികളുടെ കാര്യത്തിൽ കൃത്യമായ കണക്ക് നിലവിൽ ലഭ്യമല്ല. അതേസമയം, ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതൽ ഹെൽപ്പ് ഡെസ്കിലേക്ക് പുതിയ കോളുകളൊന്നും ലഭിച്ചിട്ടില്ല.
മലയാളികൾക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നോർക്കയുടെ ഡൽഹി ഓഫീസും പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹി എൻആർകെ ഡെവലപ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നേപ്പാളിലെ പ്രളയത്തിൽ മലയാളി വിനോദസഞ്ചാരികളെ കാണാതായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തുന്നുണ്ട്.
നേപ്പാളിലുള്ള മലയാളികളുമായി കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്നും നിർദേശം നൽകിയിരുന്നു.
സഹായത്തിനായി നോർക്കയുടെ ഗ്ലോബൽ കോൺടാക്ട് സെന്ററിൽ 1800 425 3939 എന്ന നമ്പറിലും ഇന്ത്യയിൽ നിന്ന് +91 88020 12345 എന്ന നമ്പറിലും ബന്ധപ്പെടാമെന്ന് നോർക്ക അറിയിച്ചു.











