തൃശ്ശൂർ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനെത്തിയ കുന്നംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഗുരുവായൂർ സ്വദേശി അദീപ് (28)നെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ചീരങ്കുളം പാടത്തിന് സമീപം പ്രതിയും സംഘവും ഒത്തുകൂടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ അദീപും സംഘവും ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രതീഷ്, ദേവനാരായണൻ എന്നിവർക്ക് പരിക്കേറ്റു. കഴുത്തിന് പരിക്കേറ്റ രതീഷ് കുന്നംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അദീപിനെതിരെ വധശ്രമം, ലഹരിവസ്തുക്കളുടെ കച്ചവടം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കാപ്പ നിയമപ്രകാരം നടപടി നേരിട്ടിരുന്ന ഇയാൾ കാപ്പ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്.
പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെയും സംഘത്തിലുണ്ടായിരുന്നവരെയും കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


