ഫ്ലോറിഡ: വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും സംഘർഷവും അവസാനിപ്പിച്ചെന്ന് അവകാശപ്പെട്ട് സമാധാന നൊബേൽ ആവശ്യപ്പെട്ടിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇസ്രായേൽ സമാധാന പുരസ്കാരം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുരസ്കാര പ്രഖ്യാപനം നടത്തിയത്.
ഇസ്രായേൽ പുരസ്കാരം രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയാണ്. സാധാരണയായി ശാസ്ത്രം, കല, മാനവികത തുടങ്ങിയ മേഖലകളിൽ പ്രതിഭ കാണിച്ച ഇസ്രായേലി പൗരന്മാർക്കാണ് ഇത് നൽകുന്നത്. എന്നാൽ സമാധാന വിഭാഗത്തിൽ ഇതുവരെ ഒരിക്കലും പുരസ്കാരം നൽകില്ലായിരുന്നുവെന്നും, 2025 ജൂലിയിൽ വിദേശിയായ ഒരാൾക്ക് ഇത് നൽകുന്നതിനായി നിയമങ്ങൾ ഭേദഗതി ചെയ്യുകയും, ട്രംപിനെ തിരഞ്ഞെടുക്കുകയുമായിരുന്നു. നേരത്തെ, ഫിഫയുടെ സമാധാന പുരസ്കാരം ട്രംപിന് ലഭിച്ചിരുന്നു.
80 വർഷത്തിനിടെ ആദ്യമായാണ് ഇസ്രായേലി പൗരനല്ലാത്ത ഒരാൾക്ക് ഇസ്രായേൽ പുരസ്കാരം നൽകുന്നത്. ഇസ്രായേലിനും ജൂത ജനതയ്ക്കും നൽകിയ മഹത്തായ സംഭാവനകൾക്ക് പാരിതോഷികമെന്നോണം ട്രംപിന് ഈ പുരസ്‌കാരം നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു എന്ന് നെതന്യാഹു വ്യക്തമാക്കി.






