ക്രാഷ് ടെസ്റ്റിൽ ആദ്യമായി 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടുന്ന ഇന്ത്യൻ ഹാച്ച്ബാക്കാണ് ടാറ്റ ആൾട്രോസ്. മാരുതി സുസുക്കി ബലേനോയും ഹ്യുണ്ടായി i20-യും അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് എത്തുമ്പോൾ മിനിമം ഇത്രയെങ്കിലും വേണ്ടേയെന്നായിരുന്നു ടാറ്റയുടെ ഭാഗം. സേഫ്റ്റി മാത്രമല്ല കേട്ടോ, ഒന്നാന്തരം ഫീച്ചറുകളുടെ അകമ്പടിയും നല്ല യാത്രാ സുഖവുമായി എത്തിയ കാറിന് തുടക്കത്തിൽ ആവശ്യക്കാർ ഏറെയായിരുന്നു. ഒപ്പം സെഗ്മെന്റിൽ ഡീസൽ എഞ്ചിൻ വാഗ്‌ദാനം ചെയ്‌ത ഒരേയൊരു മോഡൽ എന്ന ഖ്യാതി കൂടിയായപ്പോൾ സംഗതി മൊത്തത്തിൽ കളറായി. എന്നാൽ തുടക്കത്തിലെ ആവേശം പിന്നീട് കുറഞ്ഞുവരുന്നതായാണ് വിൽപ്പന കണക്കുകൾ സൂചിപ്പിച്ചത്.
കച്ചവടം കുറഞ്ഞുവന്നതോടെ ആൾട്രോസിനെ അടിമുടി പരിഷ്ക്കരിക്കാൻ തന്നെ ടാറ്റ മോട്ടോർസ് തീരുമാനിക്കുകയും ചെയ്‌തു. ഇതിനെ കുറിച്ച് സൂചന നൽകി അധികം വൈകാതെ തന്നെ കാറിനെ പൊളിച്ചടുക്കിക്കൊണ്ട് മുഖംമിനുക്കൽ കമ്പനി കൊണ്ടുവന്നിരിക്കുകയാണ്. പുത്തൻ രൂപത്തിൽ കൂടുതൽ ഫീച്ചറുകളുമായി വാഹനപ്രേമികളെ അമ്പരപ്പിക്കുന്ന മാറ്റങ്ങളുമായി ടാറ്റാ ആൾട്രോസ് എത്തിയിരിക്കുന്നു. സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, അത്യാകര്‍ഷകമായ ഫീച്ചറുകളിലും ഇന്റീരിയറിലും മാറ്റമുണ്ട്. ടാറ്റാ മോട്ടോർസിന്റെ മികച്ച വാഹനങ്ങളിൽ ഒന്നാകും മുഖം മിനുക്കിയ ഈ ആൾട്രോസ്. സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് പ്ലസ് എസ് എന്ന് തുടങ്ങിയ അഞ്ച് മോഡലിലാണ് പുത്തൻ ആൾട്രോസ് വിപണിയിലെത്തുക. പ്രാരംഭ വില 6.89 ലക്ഷം മുതൽ 11.29 വരെ. ജൂൺ 2 മുതൽ ബുക്കിങ് ആരംഭിക്കും.
പുത്തൻ ആൾട്രോസിന് നെക്സോൺ, കർവ് എന്നീ കാറുകളുടേതിന് സമാനമായ ഡാഷ്ബോർഡ് ലേഔട്ട് ആണ് നൽകിയിരിക്കുന്നത്. ഇതു തന്നെയാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. മുൻപ് റേസ് മോഡലിൽ മാത്രമുണ്ടായിരുന്ന 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഈ പുത്തൻ മോഡലിലുമുണ്ട്. 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവേർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഡിമ്മിങ് ഐആർവിഎം, അപ്ഗ്രേഡ് ചെയ്ത ടെലിമേറ്റിക് സ്യൂട്ട്, ആംപിയന്റ് ലൈറ്റിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് വാഹനപ്രേമികളെ ഈ പുത്തൻ മോഡലിലേക്ക് ആകർഷിക്കുന്നത്.
1.2 ലീറ്റർ റെവോട്രോൺ പെട്രോൾ എൻജിനും 1.2 ലീറ്റർ ഐസിൻജി എൻജിനുമുണ്ട്. 1.5 ലീറ്റർ റെവോട്രോൺ ഡീസലുമുണ്ട്. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എ എം ടീ, ആറ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളും വാഹനത്തിനുണ്ട്. ഡീസൽ എൻജിനിൽ എത്തുന്ന ഏക പ്രിമീയം ഹാച്ച്ബാക്കാണ് ഈ പുത്തൻ ആൾട്രോസ്.






