വടക്കേ അമേരിക്ക ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ PJ.2.1 വ്യാപിക്കുന്നു. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ഈ വകഭേദം വലിയ തോതിലുള്ള രോഗവ്യാപനത്തിന് കാരണമാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. മറ്റ് കോവിഡ് വകഭേദങ്ങളിൽനിന്ന് വ്യത്യസ്തമായ പ്രത്യേക ലക്ഷണങ്ങളും ഇതിന് കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
സാധാരണയായി വൈറസുകളിൽ കാലക്രമേണ ജനിതക മാറ്റങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ വലിയൊരു കൂട്ടം ജനിതക മാറ്റങ്ങളോടെയാണ് PJ.2.1 പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിലുള്ള വകഭേദങ്ങളെ ഗവേഷകർ ‘സാൾട്ടേഷൻ വേരിയന്റ്’ (Saltation Variant) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് സമാനമായ ലക്ഷണങ്ങളാണ് ഈ വകഭേദം ബാധിക്കുന്നവരിലും കാണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കുന്നു.
2026 മേയിൽ കാനഡയിലെ ഒന്റാറിയോയിലാണ് PJ.2.1 ആദ്യമായി റിപ്പോർട്ട് ചെയ്തത്. പിന്നീട് ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രൺസ്വിക്ക് തുടങ്ങിയ പ്രവിശ്യകളിലേക്കും വ്യാപിച്ചു. ജൂൺ 30-ന് ന്യൂയോർക്ക് നഗരത്തിലും രോഗം സ്ഥിരീകരിച്ചു. തുടർന്ന് അമേരിക്കയിലെ കാലിഫോർണിയ, അരിസോണ, ന്യൂജേഴ്സി, വിർജീനിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തു.
സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇസ്രയേൽ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.നിലവിൽ വലിയ ആരോഗ്യഭീഷണിയായി PJ.2.1 വിലയിരുത്തപ്പെടുന്നില്ലെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ ശ്രദ്ധിക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ചികിത്സ തേടണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.


