വാഷിംഗ്ടൺ: പതിറ്റാണ്ടുകളായി തുടരുന്ന അമേരിക്കയുടെ നയതന്ത്ര രീതികളെ മറികടക്കുന്ന നീക്കമായി, തായ്‌വാൻ ഭരണത്തലവൻ ലായ് ചിങ്-തെയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ചർച്ച നടത്താൻ ഒരുങ്ങുന്നു. തായ്‌വാനുമായി ബന്ധപ്പെട്ട ആയുധ ഇടപാടുകളാണ് ഈ കൂടിക്കാഴ്ചയിലെ പ്രധാന വിഷയം എന്ന് ട്രംപ് വ്യക്തമാക്കി. 1979ൽ ചൈനയെ ഔദ്യോഗികമായി അംഗീകരിച്ചതിന് പിന്നാലെ തായ്‌വാനുമായുള്ള ഔദ്യോഗിക ബന്ധം അമേരിക്ക അവസാനിപ്പിച്ചതിനുശേഷം, ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാർ തമ്മിൽ നേരിട്ട് സംഭാഷണം നടന്നിട്ടില്ല.
തായ്‌വാനിലേക്കുള്ള ആയുധ വിൽപ്പന സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുൻപ് ലായ് ചിങ്-തെയുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന്, അവരുമായി സംസാരിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു. അടുത്തിടെ ബീജിംഗിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ ഈ നീക്കത്തിനെതിരെ ചൈന ശക്തമായ നിലപാട് സ്വീകരിച്ചു. അമേരിക്കയും തായ്‌വാനും തമ്മിലുള്ള ഔദ്യോഗിക ചർച്ചകളും ആയുധ വിൽപ്പനയും തങ്ങൾ ശക്തമായി എതിർക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തായ്‌വാൻ വിഷയത്തിൽ ഇടപെടൽ വേർപിരിയൽ വാദികളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചൈന ആരോപിച്ചു. തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം.
ആന്റി ഡ്രോൺ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടുന്ന ഏകദേശം പതിനാലു ബില്യൺ ഡോളർ വിലയുള്ള ആയുധ പാക്കേജ് തായ്‌വാന് നൽകുന്ന കാര്യത്തിൽ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. തായ്‌വാൻ ഭരണത്തലവനുമായി സംസാരിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
തായ്‌വാൻ വിഷയമാണ് അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റവും വലിയ തർക്കവിഷയം എന്നും, തെറ്റായ നീക്കങ്ങൾ വലിയ സംഘർഷത്തിലേക്ക് നയിക്കാമെന്നും ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം തായ്‌വാൻ സ്വതന്ത്ര ജനാധിപത്യ രാജ്യമാണെന്നും സമാധാനവും സ്ഥിരതയും സംരക്ഷിക്കുമെന്നും ലായ് ചിങ്-തെ വ്യക്തമാക്കി. മേഖലയിലെ സുരക്ഷയ്ക്ക് അമേരിക്കയുടെ ആയുധ സഹായം പ്രധാനമാണെന്നും തായ്‌വാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മുമ്പ് 2016ൽ പ്രസിഡന്റായിരുന്ന സമയത്തും ട്രംപ് അന്നത്തെ തായ്‌വാൻ ഭരണത്തലവൻ സായ് ഇങ്-വെനുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. അന്നും ഈ നടപടി ചൈനയുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.






