ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് സനായിലെ ക്രിമിനല്‍ കോടതി പരിഗണിക്കും. ഹര്‍ജി ലിസ്റ്റ് ചെയ്തതായി കോടതി അറിയിച്ചു. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഇന്നും നടക്കുമെന്നാണ് പുറത്തുവന്ന വിവരം. കാന്തപുരം ഉള്‍പ്പെടെയുള്ള മതപണ്ഡിതര്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കണമെന്ന നിര്‍ദേശത്തോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം പ്രതികരിച്ചിട്ടില്ല. അവസാനവട്ട ചര്‍ച്ച ഇന്നും തുടരുന്നു.
അതേസമയം തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാന്‍ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വഴിയാണ് ചര്‍ച്ച നടക്കുന്നത്. നിമിഷ പ്രിയ വിഷയത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.






