പാലക്കാട്: പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ചതോടെ 17 വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനവുമായി ജില്ലാ കളക്ടര്‍.കൂടാതെ പാലക്കാട് ജില്ലയിലുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും കളക്ടര്‍ പ്രിയങ്ക ജി നിര്‍ദ്ദേശം നല്‍കി. രണ്ട് പേരെ കൂടി നിപ രോഗ ലക്ഷണങ്ങളോടെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെന്നും ഹൈ റിസ്‌ക് കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചതെന്നും കളക്ടര്‍ പറഞ്ഞു. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അതേസമയം പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നിപ ബാധിച്ച് മരിച്ച 58 കാരന്‍ താമസിച്ചിരുന്ന മണ്ണാര്‍ക്കാട് പ്രദേശത്ത് ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
മരിച്ച 58 കാരന്‍ സഞ്ചരിച്ചതില്‍ കൂടുതലും കെഎസ്ആര്‍ടിസി ബസിലാണെന്നാണ് കണ്ടെത്തല്‍. ആഴ്ചയില്‍ മൂന്ന് തവണ അട്ടപ്പാടിയില്‍ പോയതും കെഎസ്ആര്‍ടിസി ബസില്‍ തന്നെയാണ്. ഇദേഹത്തിന്റെ പേരകുട്ടികള്‍ പഠിക്കുന്ന സ്‌കൂളും താല്‍കാലികമായി അടച്ചു. മരിച്ചയാള്‍ പൊതു ഗതാഗതം ഉപയോഗിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.




