പട്ന: ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അവസാനമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം ഉച്ചയോടെ ലോകഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇരുപത് വർഷം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതിൽ നന്ദി അറിയിച്ചുകൊണ്ടായിരുന്നു നിതീഷിന്റെ പടിയിറക്കം.
താൻ ബിഹാറിനായി വലിയ മാറ്റങ്ങൾ കൊണ്ടുവരാനായതായി അദ്ദേഹം പ്രതികരിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കുമായി പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും നിതീഷ് പറഞ്ഞു. താൻ ബിഹാർ വിട്ടുപോകില്ലെന്നും സംസ്ഥാനത്തിന്റെ മാർഗദർശിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സർക്കാരിനും തന്റെ സഹകരണമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി സംസ്ഥാനത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും നിതീഷ് പ്രതികരിച്ചു. നിതീഷിന്റെ മകൻ നിശാന്ത് കുമാർ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നാണ് ജെ.ഡി.യുവിൽ നിന്നുള്ള വിവരം.
അതേസമയം, നിതീഷിന്റെ പിൻഗാമിയായി ബി.ജെ.പി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. നാളെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേൽക്കുമെന്ന് ബി.ജെ.പി അറിയിച്ചു. 57 വയസ്സുകാരനായ സാമ്രാട്ട് ചൗധരി, നിലവിൽ താരാപൂർ എം.എൽ.എയും സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി മുഖവുമാണ്.
ഒ.ബി.സി നേതാവെന്ന നിലയിൽ വളർന്നുവരുന്ന അദ്ദേഹം മുൻപ് ആർ.ജെ.ഡിയിലും പിന്നീട് ബി.ജെ.പിയിലുമായി പ്രവർത്തിച്ചിട്ടുണ്ട്. 2018-ൽ ബി.ജെ.പിയിൽ ചേർന്ന ശേഷം സംസ്ഥാന നേതൃത്വത്തിലെ പ്രധാന പങ്കാളിയായി. നിലവിൽ ഉപമുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ഇനി മുഖ്യമന്ത്രിയായി ചുമതലയേൽക്കും.
പുതിയ സർക്കാരിൽ ജെ.ഡി.യുവിൽ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന. വിജേന്ദ്ര യാദവ്, വിജയ് ചൗധരി എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




