തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികളുടെ റീലുകളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്നത് സിനിമ ഗാനങ്ങളാണ്. ഇനി അത്തരം റീലുകൾ ഭരിക്കാൻ കഴിയുന്ന ഒരു പാട്ടുമായി നിവിൻ പോളി നായകനാകുന്ന ഉണ്ണികൃഷ്ണൻ ബി ചിത്രം പ്രതിഛായ എത്തുന്നു. ചിത്രത്തിലെ തലവാ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ റിലീസായിരിക്കുകയാണ്. സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ആനന്ദ് ശ്രീരാജാണ് പാടിയിരിക്കുന്നത്. എംബുരാനിലെ ടൈറ്റിൽ ട്രാക്ക് പാടി ഹിറ്റായ ആനന്ദ് ശ്രീരാജിന്റെ അടുത്ത ശ്രദ്ധേയമായ പാട്ടാണിത്.
രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. ബാലചന്ദ്രമേനോൻ, ഷറഫുദ്ധീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർച്ച് 26ന് ചിത്രം തീയറ്ററുകളിൽ എത്തും.




