പാലക്കാട്: ഉത്സവ കേരളത്തിൽ ആനക്കേമന്മാർക്ക് മാത്രമല്ല ഇങ്ങ് ഇണക്കാളകൾക്കും ഉണ്ട് ആരാധകരേറെ. ആനകൾക്ക് വേണ്ടി ലക്ഷക്കണക്കിന് ഏക്കം നൽകുന്ന നാട്ടിൽ ഇപ്പോൾ തലവലിപ്പമുള്ള ഇണക്കാളകൾക്കുള്ള ഏക്കത്തുകയും ലക്ഷങ്ങൾ മറികടന്നു. ഏറ്റവും കൂടുതൽ കാളവേലകൾ നടക്കുന്ന വളളുവനാട്ടിലാണ് ഇണക്കാളകൾക്ക് വേണ്ടിയുള്ള മത്സരങ്ങൾ വർധിക്കുന്നത്.
ആനക്കേമന്മാരായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും, തൃക്കടവൂർ ശിവരാജുവും, പാമ്പാടി രാജാനും വേണ്ടി കമ്മിറ്റികൾ ലക്ഷങ്ങൾ ഏക്കം വിളിക്കുമ്പോൾ ഇങ്ങ് വള്ളുവനാടൻ കാളവേലകളിൽ കണയം അധോലോക രാജാവും , വീരമംഗലം കതിരവനും, തൂത ബിഗ് ബിയുമെല്ലാം ഇണക്കാളകളിലെ താരങ്ങളാണ്.ഈ സീസണിൽ 30 അടി ഉയരത്തിലുള്ള കാള വരെയാണ് ഉത്സവത്തിന് എത്തിക്കാൻ ഒരുങ്ങുന്നത്. നൂറിലധികം കാളവേല കമ്മിറ്റികളുള്ള വേലകളിലാണ് ഇണക്കാളകൾക്ക് വേണ്ടി ഒരു ലക്ഷത്തിലധികം രൂപ ഏക്കത്തുകകൾ നൽകി കാളകളെ ഉത്സവത്തിനെത്തിക്കുന്നത് 28 അടി ഉയരമുള്ള ഇണക്കാളക്ക് 80,000 രൂപയാണ് ഒരു ദിവസത്തെ വാടകയെങ്കിലും ആവശ്യക്കാർ കൂടുമ്പോൾ അത് ഒരു ലക്ഷം മറികടക്കാറുണ്ടെന്ന് ഉടമകൾ പറയുന്നു.
കാളകളുടെ ഉയരം, കണ്ണിൻ്റെ ഭംഗി, ചെവിയുടെ ആകൃതി, നാക്ക്, മൂക്ക്, വർണ നിറങ്ങളിലുള്ള ലൈറ്റുകൾ എന്നിവ നോക്കി അതിൽ ഏറ്റവും മികവുറ്റതിനെയാണ് കമ്മിറ്റികൾ പൂരത്തിന് കാഴ്ച വയ്ക്കുക. ചെർപ്പുളശേരി പുത്തനാൽക്കൽ കാളവേല, കോങ്ങാട് കുന്നുപ്പുള്ളിക്കാവ് വേല , ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് പുരം , കണയം കാളവേല, തൃപ്പുറ്റ പൂരം, മുളയൻകാവ് കാളവേല, കയിലിയാട് കാളവേല തുടങ്ങിയ ഉത്സവങ്ങളിൽ നൂറിലധികം കാളകളെയാണ് ഉത്സവത്തിനെത്തിക്കുക.
പാലക്കാട് ജില്ലയിൽ മാത്രം 350 ജോഡി കാളകളെയാണ് ഇത്തവണ ഉത്സവത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് ആൾ കേരള കാള വർക്കർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കണയം ദാസൻ പറഞ്ഞു. ബൈറ്റ് : കണയം ദാസൻ ചെർപ്പുളശേരി, വീരമംഗലം, മുളയൻകാവ്, കണയം, മുണ്ടകോട്ടുകുറിശി തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ കാളകളെ നിർമിക്കുന്നത്. 15 ലക്ഷത്തോളം രൂപയാണ് ഒരു കാള നിർമിക്കാൻ വേണ്ടി വരുന്ന ചിലവ് എന്നും 15 അടി മുതലുള്ള കാളകൾക്ക് 10 ജോലിക്കാരെയെങ്കിലും ഉത്സവപ്പറമ്പുകളിൽ നിയന്ത്രിക്കാൻ ആവശ്യമാണ്. ഇന്നും, നാളെയും, മറ്റന്നാളും നടക്കുന്ന വേങ്ങര, പുത്തനാൽക്കാൽ, കണയം കാളവേലകളിൽ ലക്ഷങ്ങൾ ഏക്കം നൽകി കമ്മിറ്റിക്കാർ എത്തിക്കുന്ന കാളകളുടെ പ്രത്യേകതകളാണ് ഏവരും ഉറ്റുനോക്കുന്നത്.










